ബസുകളുടെ പുനഃക്രമീകരണം;320 ലേറെ പരാതികൾ പരിഹരിച്ചെന്നു കെഎസ്ആർടിസി
Thursday, August 8, 2019 1:27 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറുകളുടെ പുനഃക്രമീകരണം സംബന്ധിച്ച 320 ലേറെ പരാതികൾ പരിഹരിച്ചതായി കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എം.പി ദിനേശ്.
ആവശ്യമുള്ള സ്ഥലങ്ങളിൽ കൂടുതലായി ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ സർവീസ് ഓപ്പറേഷന് നേതൃത്വം നൽകാൻ എല്ലാ ഡിപ്പോകളിലും പ്രത്യേകം ഇൻസ്പെക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ഇപ്രകാരം തിരക്കും ആവശ്യകതയും പരിഗണിച്ചാണ് ദിനംപ്രതി സർവീസുകൾ കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കുന്നത്.നാഷണൽ ഹൈവേയിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയും എംസി റോഡിൽ തിരുവനന്തപുരം മുതൽ കോട്ടയം വരെയുമാണ് ആദ്യഘട്ടത്തിൽ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ക്രോണോളജി പ്രകാരം ക്രമീകരിച്ചത്.
കോൺവോയ് ആയി സർവീസ് നടത്തുന്ന കളക്ഷൻ കുറഞ്ഞ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ കാര്യക്ഷമമായും ജനോപകാരപ്രദമായും പുനഃക്രമീകരിച്ച് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം-അദ്ദേഹം പറഞ്ഞു.