സംസ്ഥാന ബാലാവകാശ കമ്മീഷൻ സന്ദേശ പ്രചാരണ ബൈക്ക് റാലി 13 മുതൽ
Tuesday, September 10, 2019 11:33 PM IST
കണ്ണൂർ: കുട്ടികൾക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും ഇല്ലായ്മ ചെയ്യുന്നതിനായി സമൂഹത്തെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ പ്രചാരണ ബൈക്ക് റാലി സംഘടിപ്പിക്കുന്നു. ഡ്രീംസ് റൈഡേഴ്സ് കേരളയുമായി ചേർന്നാണ് ബൈക്ക് റാലി നടത്തുന്നത്. റാലിയുടെ ഉദ്ഘാടനം 13ന് രാവിലെ 9.30 ന് കൂത്തുപറന്പ് നിർമലഗിരി കോളജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി. സുരേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു.
എൻസിസി കേഡറ്റുകളും കുട്ടികളുമടക്കം അഞ്ഞൂറോളം പേർ റാലിയിൽ അണിനിരക്കും. 15 ന് കന്യാകുമാരിയിൽ സമാപിക്കും. തുടർന്ന് രണ്ടാംഘട്ട റാലി ഈ മാസം 28ന് കാഷ്മീരിലെ ലഡാക്കിൽ സമാപിക്കും.13ന് രാവിലെ നിർമലഗിരി കോളജിൽനിന്ന് ആരംഭിക്കുന്ന റാലിക്ക് ഉച്ചകഴിഞ്ഞു മൂന്നിന് കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും വൈകുന്നേരം ആറിന് കോട്ടക്കൽ ചങ്കുവെട്ടി രാജാസ് ജിഎച്ച്എസ്എസിലും സ്വീകരണം നൽകും. 14 ന് രാവിലെ ഒൻപതിന് എറണാകുളം മഹാരാജാസ് കോളജ്, ഉച്ചകഴിഞ്ഞു മൂന്നിന് ആലപ്പുഴ ബീച്ച്, വൈകുന്നേരം ആറിന് കൊല്ലം ബീച്ച്, 15 ന് രാവിലെ 9.30 ന് തിരുവനന്തപുരം ചാല ജിഎച്ച്എസ് എന്നിവിടങ്ങളിലും സന്ദേശറാലിക്ക് സ്വീകരണം നൽകും. പത്രസമ്മേളനത്തിൽ കമ്മീഷനംഗം ഡോ. എം.പി. ആന്റണി, കോ-ഓർഡിനേറ്റർ ടി.പി.സുമേഷ് എന്നിവരും പങ്കെടുത്തു.