ആലുവയിൽ ആശുപത്രി വളപ്പിൽ ഏറ്റുമുട്ടൽ; ഒരാൾ കുത്തേറ്റു മരിച്ചു
Wednesday, September 18, 2019 11:36 PM IST
ആലുവ: ജില്ലാ ഗവ. ആശുപത്രി കോമ്പൗണ്ടിൽ ലഹരിമാഫിയ സംഘാംഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കുത്തേറ്റു മരിച്ചു. ആലുവ യുസി കോളജ് വല്യപ്പൻപടി സതീഷ് ഭവനം ചിപ്പി (34) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന പടിഞ്ഞാറെ കടുങ്ങല്ലൂർ പറമാട്ടിൽ കൃഷ്ണപ്രസാദ് (29), ചൂണ്ടി കുറ്റിക്കാട്ടിൽ വിശാൽ (35) എന്നിവർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലുവ ചൂണ്ടി സ്വദേശിയായ ചങ്ങനാംകുഴി ബിലാൽ എന്ന മണികണ്ഠൻ (30) ആണു കത്തികൊണ്ടു കുത്തിയതെന്നു പരിക്കേറ്റവർ മൊഴി നൽകി. ഇയാൾ ഒളിവിലാണ്. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച ചിപ്പിയും ഒളിവിൽ പോയ മണികണ്ഠനും മയക്കുമരുന്നു കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതികളാണെന്നു പോലീസ് പറഞ്ഞു.
ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ലഹരിമോചന കേന്ദ്രത്തിലെത്തിയവരാണു കുത്തേറ്റ മൂന്നു പേരും. ഭാര്യയുടെ പ്രസവചികിത്സയ്ക്കായി മണികണ്ഠനും ആശുപത്രിയിലെത്തിയിരുന്നു. ഇവർ തമ്മിൽ വാക്കേറ്റമുണ്ടായെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ചിപ്പി ഉൾപ്പെടെയുള്ള സംഘത്തിന്റെ മയക്കുമരുന്ന് കച്ചവടം മണികണ്ഠൻ എക്സൈസിന് ചോർത്തി നൽകിയെന്ന സംശയമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണു സൂചന.
കുത്തേറ്റു വീണവരെ എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ ചിപ്പി മരിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഭാര്യയും മൂന്നു മക്കളുമുണ്ട്. മുസ് ലിം മതവിഭാഗത്തിൽപ്പെട്ട യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചതിനെത്തുടർന്നാണ് മണികണ്ഠൻ ബിലാൽ എന്ന പേര് സ്വീകരിച്ചതെന്നു പറയുന്നു.