ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസിൽ അച്യുതാനന്ദനെ തള്ളിപ്പറഞ്ഞ് സർക്കാർ
Friday, October 11, 2019 1:28 AM IST
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദനെതിരേ നൽകിയ മാനനഷ്ടക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുകൂലിച്ച രേഖകളുമായി പിണറായി സർക്കാർ. മാനനഷ്ടക്കേസിൽ വി.എസ്. അച്യുതാനന്ദൻ ഹാജരാക്കാത്തതു കാരണം വിസ്താരം ഈ മാസം 17ലേക്കു വീണ്ടും മാറ്റി.
സരിത നായരുടെ ടീം സോളാർ കന്പനിയിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് തെളിയിക്കാൻ കഴിയുന്ന രേഖകളൊന്നുമില്ലെന്നാണു സർക്കാരിനെ പ്രതിനിധീകരിച്ചു ഹാജരായ ആഭ്യന്തര അഡീഷണൽ സ്പെഷൽ സെക്രട്ടറി മൊഴി നൽകിയത്.
സോളാർ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്ന ശിവരാജൻ കമ്മീഷനും ഉമ്മൻ ചാണ്ടിക്ക് സോളാർ തട്ടിപ്പിൽ പങ്കുള്ളതായി കണ്ടെത്തിയിരുന്നില്ല എന്നും ആഭ്യന്തര അഡീഷണൽ സ്പെഷൽ സെക്രട്ടറി അഭിഭാഷക കമ്മീഷനു മുന്പാകെ മൊഴി നൽകി.
മുൻ മുഖ്യമന്ത്രിയുടെ പേര് പല സാക്ഷികളും പരാമർശിച്ചിരുന്നു. എന്നാൽ, ആരോപണങ്ങൾ തെളിയിക്കാൻ തക്ക തെളിവുകൾ ഹാജരാക്കാൻ ഇവർക്കു കഴിഞ്ഞിട്ടില്ല എന്നും സർക്കാർ കോടതിയെ അറിയിച്ചു. 2013 ജൂലൈ ആറിനു നൽകിയ ഒരു ചാനൽ അഭിമുഖത്തിലാണ് അച്യുതാനന്ദൻ ആരോപണം ഉന്നയിച്ചത്. സോളാർ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടെന്നും തട്ടിപ്പിന്റെ നല്ലൊരു ശതമാനം ഉമ്മൻ ചാണ്ടിക്കു പ്രത്യുപകാരമായി നൽകാൻ നിശ്ചയിച്ചിരുന്നു എന്നുമാണ് അച്യുതാനന്ദൻ പറഞ്ഞത്.
ഇതിനെതിരേയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 2014 ൽ ഫയൽ ചെയ്തിരുന്ന ഹർജിയിൽ പത്തു ലക്ഷം രൂപ നഷ്ടപരിഹാരമാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടത്.