ഇടുക്കിയിലെ നിർമാണ നിരോധനം സമരം ശക്തം
Monday, October 21, 2019 12:46 AM IST
കട്ടപ്പന: ഇടുക്കി ജില്ലയിൽ 1964 ഭൂപതിവു ചട്ടപ്രകാരം അനുവദിച്ച പട്ടയ ഭൂമിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിട നിർമാണത്തിനു വിലക്ക് ഏർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവു പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാകുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും വിവധ സംഘടനകളും സമരരംഗത്ത് ഇറങ്ങിക്കഴിഞ്ഞു.
ഇന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കട്ടപ്പന മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെ ഉപവാസ സമരം നടക്കും. കേരള കോണ്ഗ്രസ് - എം (ജോസ് കെ. മാണി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ ആരംഭിക്കും. തൊടുപുഴയിൽനിന്ന് ആരംഭിക്കുന്ന ജാഥ നെടുംങ്കണ്ടത്തു സമാപിക്കും. 23ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടകളടച്ച് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. സമരം ഉദ്ഘാടനം ചെയ്യാൻ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീൻ എത്തും. ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ അധ്യക്ഷത വഹിക്കും.
25ന് ജില്ലയിൽ യുഡിഎഫ് ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ശനിയാഴ്ച കേരള കോണ്ഗ്രസ് - എം ( പി.ജെ. ജോസഫ്) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ ചെറുതോണിയിൽ ഉപവാസ സമരവും നടന്നു. ജില്ലയിലെ ഭൂ പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുമെന്നും ജോസഫ് അറിയിച്ചു.