ഇടുക്കിയിൽ തുലാവർഷം ശക്തി പ്രാപിച്ചു
Monday, October 21, 2019 11:23 PM IST
ചെറുതോണി: ഇടുക്കിയിൽ തുലാവർഷം ശക്തമായി. ജില്ലയിലെ മൂന്ന് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നുവിട്ടു. കല്ലാർകുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടർ 15 സെന്റിമീറ്റർ ഉയർത്തി. കുണ്ടള അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ഉയർത്തി വെള്ളം ഒഴുക്കിവിട്ടു. പാംബ്ല അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ 25 സെന്റിമീറ്റർ വീതം ഉയർത്തി 70 ക്യുമിക്സ് വെള്ളം ഒഴുക്കിവിട്ടുകൊണ്ടിരിക്കയാണ്.
ഇന്നലെ രാവിലെ ഏഴുവരെ 24 മണിക്കൂറിനിടെ 24.6 മില്ലിമീറ്റർ മഴയാണ് ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭിച്ചത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സമുദ്രനിരപ്പിൽനിന്ന് 2,377.3 അടിയായി ഉയർന്നു. തലേദിവസത്തേക്കാൾ അരയടിയോളം വെള്ളമാണ് ഇന്നലെ ഉയർന്നത്. കഴിഞ്ഞ വർഷം ഇതേദിവസം 2,388.12 അടി വെള്ളമാണുണ്ടായിരുന്നത്. നിലവിൽ പരമാവധി സംഭരണശേഷിയുടെ 71.11 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. ഈ വർഷം ജൂണ്‍ ഒന്നുമുതൽ ഇന്നലെ രാവിലെ ഏഴുവരെ 2328.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അതേസമയം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,558.6 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു.