ഭായിമാരിൽ പലരും ബംഗ്ലാദേശികൾ; തൊഴിലാളികളെക്കുറിച്ച് ആർക്കും കണക്കില്ല
Thursday, November 14, 2019 12:29 AM IST
ചെങ്ങന്നൂർ: അന്യസംസ്ഥാന തൊഴിലാളിൽ എന്ന വ്യാജേന കേരളത്തിലേക്ക് എത്തുന്ന പലരും ബംഗ്ലാദേശികൾ. പലരും പകൽ സമയം സാധുക്കളായ തൊഴിലാളികളായിട്ടാണ് കാണപ്പെടുന്നതെങ്കിലും കൊടുംകുറ്റവാളികളും ഇവർക്കിടയിൽ ഉണ്ടെന്നതിന്റെ സൂചനയാണ് ചെങ്ങന്നൂർ വെണ്മണിയിലെ വയോദന്പതികളുടെ മരണം.
കഴിഞ്ഞ ദിവസമാണ് വെണ്മണിയിൽ ദന്പതികളെ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതികളെ ഉടൻതന്നെ പിടികൂടാനായതു പോലീസിനു നേട്ടമായെങ്കിലും ആശങ്ക അവശേഷിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും ഇവരുടെ പശ്ചാത്തലമെന്താണെന്നതു സംബന്ധിച്ചും യാതൊരു കണക്കും രേഖയുമില്ലാത്തതാണ് ആശങ്ക ഉയർത്തുന്നത്. ഒരേ ഐഡന്റിറ്റിയിൽ തന്നെ പലരും ഉണ്ടാകാനുള്ള സാധ്യതയും തള്ളാനാകില്ല.
അന്യസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേനയാണ് ബംഗ്ലാദേശികളും കേരളത്തിലേക്കെത്തുന്നത്. ബംഗ്ലാദേശിലെ ഭീകര സംഘടനയായ ജമാഅത്ത് ഉൽ മുജാഹിദീൻ കേരളത്തിലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനം ശക്തമാക്കുന്നതായി വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയതിട്ടുണ്ട്.
ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാരുടെ മറവിലാണ് ഇവർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ എത്തിയിരിക്കുന്നതെന്നും കേരളത്തിന് പുറമേ ബിഹാർ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലും തൊഴിലാളികളുടെ മറവിൽ ഇവരുടെ പ്രവർത്തനം നടക്കുന്നതായും എൻഐഎ ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ ഏജൻസികൾ മുന്പ് റിപ്പോർട്ട് ചെയ്തിരുന്നു. വ്യാജതിരിച്ചറിയൽ കാർഡ് കൈവശം വച്ചിരിക്കുന്നവരും ഉണ്ടാകാമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കർണാടകത്തിൽ ശക്തമായ നടപടി തുടങ്ങിയതോടെ ഇവരിൽ ഭൂരിഭാഗവും കേരളത്തിലേക്കു പലായനം ചെയ്യുന്നതായാണു വിവരം.
കവർച്ച ലക്ഷ്യമിട്ടാണു പലരും കേരളത്തിലേക്ക് എത്തുന്നത്. കാര്യം നടന്നുകഴിഞ്ഞാൽ ഉടൻ ഉത്തരേന്ത്യയിലേക്കു മടങ്ങുകയാണു പതിവ്. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള കെട്ടിടനിർമാണ തൊഴിലാളികളും മറ്റും തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽനിന്നു ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചറിയുകയെന്നതു പോലീസിനു പോലും ദുഷ്കരമാണ്. ഇതു മനസിലാക്കിയാണു ക്രിമിനൽ പശ്ചാത്തലമുള്ള ബംഗ്ലാദേശികളിൽ പലരും നിർമാണ തൊഴിലാളികളുടെ വേഷത്തിൽ കേരളത്തിലേക്കെത്തുന്നത്.