സഹപ്രവർത്തകരുടെ മാനസിക പീഡനമെന്ന് എസ്ഐയുടെ ആത്മഹത്യാക്കുറിപ്പ്
Thursday, December 5, 2019 11:48 PM IST
കട്ടപ്പന: തൃശൂർ പോലീസ് അക്കാദമിയിലെ എസ്ഐ അനിൽ കുമാർ ജീവനൊടുക്കിയതു സഹപ്രവർത്തകരുടെ മാനസിക പീഡനം മൂലമാണെന്ന് ആത്മഹത്യാക്കുറിപ്പ്. ഇടുക്കി വാഴവര സ്വദേശി സി.കെ. അനിൽ കുമാറിനെ ബുധനാഴ്ച ഉച്ചയോടെയാണു വീടിനു സമീപത്തു വിഷം ഉള്ളിൽച്ചെന്നു മരിച്ചനിലയിൽ കാണപ്പെട്ടത്.
സഹപ്രവർത്തകരുടെ മാനസിക പീഡനവും അമിത ജോലിഭാരവും കാരണമാണ് താൻ ജീവനൊടുക്കുന്നതെന്നാണ് എസ്ഐ അനിൽ കുമാറിന്റെ ആത്മഹത്യാ കുറിപ്പിലുള്ളത്.
ഒരു എഎസ്ഐയും മൂന്നു പോലീസുകാരും തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് കുറിപ്പിൽ പറയുന്നു. പോലീസ് കാന്റീൻ-ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട മാനസിക സമ്മർദവും കാരണമായെന്നും കുറിപ്പിലുണ്ട്. തന്നെ മാനസികമായി ബുദ്ധിമുട്ടിച്ച എഎസ്ഐയുടെ സ്വത്ത് സന്പാദനത്തെകുറിച്ച് അന്വേഷണം വേണമെന്നും കുറിപ്പിൽ ആവശ്യമുണ്ട്.
സംഭവത്തിൽ ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃശൂർ പോലീസ് അക്കാദമിയിലെ കാന്റീൻ ജോലികൾ വർഷങ്ങളായി അനിൽ കുമാറിന്റെ മേൽനോട്ടത്തിലാണ് നടന്നിരുന്നത്. തൃശൂരിൽനിന്നു ചൊവ്വാഴ്ച നാട്ടിലെത്തിയ അനിൽ കുമാറിനെ അന്നു വൈകുന്നേരം കാണാതായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വാഴവരയിൽ തറവാട്ടു വീടിനു സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. എസ്ഐയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.