പ്ലാസ്റ്റിക് കവറുകൾ കടയൊഴിയുന്നു; സഞ്ചിയുമായെത്തി ഷോപ്പിംഗ്
Sunday, January 19, 2020 12:07 AM IST
കോട്ടയം: പ്ലാസ്റ്റിക്ക് സ്വാധീനത്തിൽനിന്നു മാർക്കറ്റും ജനങ്ങളും മാറിത്തുടങ്ങിയിരിക്കുന്നു. പഴം, പച്ചക്കറി, പലവ്യഞ്ജനകടകളിൽ സഞ്ചിയുമായി ഷോപ്പിംഗിനെത്തുന്നവരുടെ എണ്ണം കൂടി.
സപ്ലൈകോ ഉൾപ്പെടെ വിവിധ കടകളിൽ സാധനം വാങ്ങാൻ സഞ്ചി കൈയിൽ കരുതണം എന്ന നിബന്ധന വന്നു. ചില വ്യാപാരികൾ പ്ലാസ്റ്റിക് ഷിമ്മി കൂടുകൾ പൂർണമായി ഒഴിവാക്കി. പലരും പുതിയ സ്റ്റോക്ക് വാങ്ങുന്നുമില്ല. പൂർണ നിരോധനം പ്രാബല്യത്തിൽ വന്നു. പ്ലാസ്റ്റിക് ഷിമ്മി കൂടുകൾ കടയൊഴിഞ്ഞതോടെ ഒന്നുകിൽ കടലാസിൽ പൊതിഞ്ഞുതരും, അതല്ലെങ്കിൽ സഞ്ചിക്ക് അധികം വില നൽകണമെന്ന നിബന്ധന വ്യാപാരികൾ വയ്ക്കുന്നു.
മത്സ്യം, മാസം കടകളിൽ നിലവിൽ പ്ലാസ്റ്റിക് കൂടുകളിൽ വിൽപനയുണ്ടെങ്കിലും അടുത്ത മാസത്തോടെ അതും നിലയ്ക്കും. ഈ സാഹചര്യത്തിൽ ചില അവശ്യസാധനങ്ങളുടെ വ്യാപാരം കടുത്ത പ്രതിസന്ധി സൃഷ്ടിരിക്കും.
കടകളിൽ സാധനം വാങ്ങാൻ സഞ്ചിയും കുട്ടയുമായി പോകുന്ന ശീലം ഗ്രാമങ്ങളിൽ മടങ്ങിവന്നിരിക്കുന്നു. ചണത്തിലും തുണിയിലുമുള്ള ഷോപ്പിംഗ് ബാഗുകളുടെയും ബിഗ് ഷോപ്പറുകളുടെയും വിൽപനയും വിലയും വർധിച്ചിരിക്കുന്നു.
ഏറെ ഉത്പന്നങ്ങളും പ്ലാസ്റ്റിക് കവറുകളിൽ പായ്ക്ക് ചെയ്തു വിൽക്കുന്ന സാഹചര്യത്തിൽ നിരോധനം അതിവേഗം നടപ്പാക്കുക പ്രായോഗികമല്ലെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് തോമസ്കുട്ടി പറഞ്ഞു.
പൊതുവെ അഭിമാന ബോധം കൂടുതലുള്ള പുതിയ തലമുറ സഞ്ചിയുമായി മാർക്കറ്റിൽ പോകുന്ന ഷോപ്പിംഗ് സംസ്കാരം പരിചയിച്ചിട്ടുമില്ല. തുണിവിലയും തയ്പുകൂലിയും ഭാരിച്ചതോടെ സഞ്ചി വിലയിലും വലിയ വർധനവുണ്ടായി.