മെനുവിൽ ബീഫില്ല; വിവാദം മാധ്യമസൃഷ്ടിയെന്ന് എഡിജിപി ബി. സന്ധ്യ
Tuesday, February 18, 2020 1:09 AM IST
തൃശൂർ: കേരള പോലീസ് അക്കാദമിയിലെ ഭക്ഷണ മെനുവിൽ ബീഫ് ഒഴിവാക്കിയതിനെതുടർന്നുണ്ടായ വിവാദം മാധ്യമസൃഷ്ടിയെന്ന് എഡിജിബി ബി. സന്ധ്യ.
ഡയറ്റീഷ്യന്റെ നിർദേശപ്രകാരമാണു ബീഫ് ഇല്ലാതെ മെനു പുറത്തിറക്കിയത്. ബീഫ് മാത്രമല്ല, മട്ടനും മെനുവിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും സന്ധ്യ പറഞ്ഞു.
വിവിധ ബറ്റാലിയനുകളിലെ 2,800 പേരാണ് കഴിഞ്ഞ ദിവസം പരിശീലനത്തിനായി തൃശൂർ പോലീസ് അക്കാദമിയിൽ ചേർന്നത്. ഇവർക്കായി പുറത്തിറക്കിയ ഭക്ഷണ മെനുവാണ് വിവാദമായത്. മുട്ടയും, കോഴിക്കറിയും മീനുമെല്ലാം മെനുവിൽ ഉൾപ്പെടുത്തിയെങ്കിലും ബീഫ് ഒഴിവാക്കിയതു വിവാദമാവുകയായിരുന്നു.
ബീഫ് ഒഴിവാക്കിക്കൊണ്ടുള്ള മെനു ട്രെയിനിംഗ് എഡിജിപി എല്ലാ ബറ്റാലിയനുകൾക്കും നൽകി.
സുരേഷ് രാജ് പുരോഹിത് ഐജി ആയിരുന്ന സമയത്ത് അക്കാദമിയിൽ ബീഫ് നിരോധിച്ചത് ഏറെ വിവാദമായിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണു നിരോധനം നീക്കിയത്.
അതേസമയം, ഓരോ ട്രെയിനിയും ഭക്ഷണത്തിനായി നൽകേണ്ട തുക വർധിപ്പിച്ചിട്ടുണ്ട്. 2,000 രൂപയാണ് പരിശീലന കാലയളവിൽ ഒരു ട്രെയിനി നൽകേണ്ടിയിരുന്നത്. ഇത് 6,000 രൂപയായാണു വർധിപ്പിച്ചത്.