ഏഴു വയസുകാരന്റെ കൊലപാതകം: സി.എസ്.അജയൻ സ്പെഷൽ പ്രോസിക്യൂട്ടർ
Wednesday, February 19, 2020 12:25 AM IST
തൊടുപുഴ: കുമാരമംഗലത്ത് ഏഴു വയസുകാരനെ മർദിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണയ്ക്ക് അഡ്വ.സി.എസ്.അജയനെ സ്പെഷൽ പ്രോസിക്യൂട്ടറായി സംസ്ഥാന സർക്കാർ നിയമിച്ചു. കുട്ടിയുടെ അമ്മയുടെ സുഹൃത്ത് തിരുവനന്തപുരം കവടിയാർ സ്വദേശി അരുണ്‍ ആനന്ദിന് എതിരായ കേസിലാണ് ഇദ്ദേഹത്തിന്റെ നിയമനം. കോട്ടയം ബാറിലെ അഭിഭാഷകനായ സി.എസ്.അജയൻ സമീപകാലത്തു ശിക്ഷ വിധിച്ച കെവിൻ ദുരഭിമാന കൊലക്കേസിലെയും സ്പെഷൽ പ്രോസിക്യൂട്ടറാണ്. ഈ കേസിന്റെ നടത്തിപ്പിൽ ഇദ്ദേഹത്തെ വിധി പ്രസ്താവത്തിനിടെ കോടതി അഭിനന്ദിച്ചിരുന്നു.
സൂര്യനെല്ലി, പന്തളം പീഡനക്കേസുകളിലും സ്പെഷൽ പ്രോസിക്യൂട്ടറായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 29നാണ് ഏഴു വയസുകാരനെ അനിൽ ആനന്ദ് ക്രൂരമായ മർദനത്തിനിരയാക്കിയത്. പത്തു ദിവസം അബോധവാസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ കുട്ടി മരിച്ചു. കേസിൽ കുട്ടിയുടെ അമ്മയെയും പ്രതി ചേർക്കാൻ കോടതി നിർദേശിച്ചിരുന്നു.