60 വെടിയുണ്ടകളുമായി യുവാവ് അറസ്റ്റിൽ
Sunday, February 23, 2020 12:01 AM IST
ഇരിട്ടി: നാടൻ തോക്കിന് ഉപയോഗിക്കുന്ന 60 തിരകളുമായി യുവാവ് അറസ്റ്റിൽ. തില്ലങ്കേരി മച്ചൂർമലയിലെ കെ. പ്രമോദി (42) നെയാണ് കിളിയന്തറ എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കിളിയന്തറ ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം വാഹനം പരിശോധിച്ചപ്പോഴാണ് കർണാടകത്തിൽനിന്നു കേരളത്തിലേ ക്ക് കാറിൽ കൊണ്ടുവരികയായിരുന്ന തിരകൾ കണ്ടെത്തിയത്. കാറിന്റെ ഡിക്കിക്കടിയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു തിരകൾ.
ഒരു പെട്ടിയിൽ പത്തെണ്ണം വീതമാണ് തിരകൾ വച്ചിരുന്നത്. കൃഷി നശിപ്പിക്കുന്ന പന്നികളെയും കുരങ്ങന്മാരെയും തുരത്തുന്നതിനുവേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
കൂടുതൽ അന്വേഷണത്തിനായി തിരകളും കാറും പ്രതിയെയും ഇരിട്ടി പോലീസിന് കൈമാറി. പ്രിവന്റീവ് ഓഫീസർമാരായ കെ. മുഹമ്മദ്, പി.എം. കെ. സജിത്കുമാർ, സിഇഒമാരായ ഹാരിസ്, പ്രവീൺ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.