മകന്റെ മൃതദേഹം അമ്മ അതിർത്തിയിൽ കണ്ടു മടങ്ങി
Tuesday, June 2, 2020 12:41 AM IST
കാട്ടിക്കുളം: കഴിഞ്ഞ ദിവസം തലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ച പിലാക്കാവ് ഖലീൽ അഹമ്മദിന്റെ മൃതദേഹം ബാവലി അതിർത്തി ചെക്ക്പോസ്റ്റിൽ കണ്ടുമടങ്ങിയതിന്റെ വേദനയിലാണ് ഖലീൽ അഹമ്മദിന്റെ അമ്മയും കുടുംബാംഗങ്ങളും. അവർക്ക് കേരളത്തിലേക്ക് പ്രവേശിക്കാനായില്ല. അമ്മ ആമിനബീ, സഹോദരൻ സബീയുള്ള, ആമിന ബീയുടെ സഹോദരി നൂർ അസ്മ, രണ്ട് ബന്ധുക്കൾ എന്നിവർക്കാണ് പ്രവേശനാനുമതി നിഷേധിച്ചത്.
മൈസൂരു രാജ് നഗർ സ്വദേശികളായ സംഘം രാവിലെ എട്ടിനാണ് കർണാടക ബാവലി ചെക്ക് പോസ്റ്റിലെത്തിയത്. കർണാടകയുടെ രണ്ട് ചെക്ക് പോസ്റ്റുകളിൽനിന്നുള്ള യാത്രാ അനുമതിയോടെ കേരളത്തിലെ ബാവലി ചെക്ക് പോസ്റ്റിലെത്തിയപ്പോഴാണ് തടഞ്ഞത്. ഉച്ചകഴിഞ്ഞ് ഒന്നരയോടെ മാനന്തവാടി ജില്ലാ ആശുപത്രിയിൽനിന്നു മൃതദേഹം ആംബുലൻസിൽ ബാവലിയിലെത്തിച്ച് ബന്ധുക്കളെ കാണിക്കുകയായിരുന്നു. മാനന്തവാടിയിൽ നിന്ന് പതിനേഴ് കിലോമീറ്റർ സഞ്ചരിച്ചാണ് ഉച്ചയ്ക്ക് രണ്ടിന് മൃതദേഹം ആംബുലൻസിൽ ബാവലിയിലെത്തിച്ചത്. കർണാടക ചെക്ക് പോസ്റ്റിൽ നിന്ന് അമ്മയും കുടുംബാംഗങ്ങളും കേരള അതിർത്തിയിലേക്ക് കാൽനടയായിട്ടാണ് എത്തിയത്. മൃതദേഹം ദർശിച്ച ശേഷം അവരെല്ലാവരും മൈസൂരുവിലേക്ക് തിരിച്ചുപോയി.