യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിക്കൊന്നു; സഹോദരനും ഗുരുതരമായി കുത്തേറ്റു
Monday, July 13, 2020 12:14 AM IST
വണ്ടിപ്പെരിയാർ: പൂർവവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊന്നു. മ്ലാമല പുതുവേൽ മുളങ്ങശേരി ജിനു തോമസ് (22) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ജിനുവിന്റെ സഹോദരൻ സിബിച്ചനെ (25) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മ്ലാമല പുതുവേൽ കള്ളിക്കൽ അനിഷ് രാഘവൻ (32),
പീരുമേട് കൊല്ലപള്ളിയിൽ മജീഷ് ( 40 ), മ്ലാമല വിരുത്തികിഴക്കേൽ എബിൻ (28) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അയൽവാസികളായ പ്രതികളും പരുക്കേറ്റ സിബിച്ചനും തമ്മിൽ നേരത്തെ വഴി തർക്കം ഉണ്ടായിരുന്നതായി പറയുന്നു. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ബൈക്കിൽ പോയ സിബിച്ചനെ മജീഷും കൂട്ടാളികളും ചേർന്ന് ഓട്ടോറിക്ഷ റോഡിനു കുറകെയിട്ട് തടഞ്ഞു നിർത്തി. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ വിവരമറിഞ്ഞ് സിബിച്ചന്റെ പിതാവ് തോമസും സഹോദരൻ ജിനുവും സ്ഥലത്തെത്തി.
വാക്കുതർക്കത്തിനിടെ പ്രതികൾ കത്തിയെടുത്ത് ജിനുവിനെയും സിബിച്ചനെയും കുത്തുകയായിരുന്നെന്നു പറയുന്നു. ജിനു സംഭവ സ്ഥലത്തുതന്നെ മരിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ന് ( തിങ്കൾ) പരിശോധനകൾക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വിട്ടു നൽകുമെന്ന് പീരുമേട് പോലീസ് ഇൻസ്പക്ടർ ശിവകുമാർ അറിയിച്ചു. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ പീരുമേട് പോലീസിന് കൈമാറി. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ അറസ്റ്റ് രേഖപെടുത്തി കോടതിയിൽ ഇന്ന് ഹാജരാക്കുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.