ട്രഷറി തട്ടിപ്പ് : ഉദ്യോഗസ്ഥർക്കു നോട്ടീസ്
Saturday, August 15, 2020 12:35 AM IST
തിരുവനന്തപുരം: ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകും. ഇവരുടെ വിശദീകരണം ലഭിച്ചശേഷം നടപടി ആലോചിക്കുമെന്നു മന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.
ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രതിസ്ഥാനത്തുള്ളയാളെ നേരത്തേ തന്നെ സർവീസിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി വളരെ മോശമാണ്. വരുമാനം പകുതിയിൽ താഴെയായി. ജിഎസ്ടിക്കുള്ള നഷ്ട പരിഹാരവും ലഭിക്കുന്നില്ല.
ഡിസംബർ വരെ അനുവദിച്ച മുഴുവൻ വായ്പയും ഇതിനകം എടുത്തു. അധിക വായ്പ എടുക്കാൻ കേന്ദ്രം നിർദേശിച്ച വ്യവസ്ഥകൾ പൂർത്തിയാക്കാൻ ശ്രമിക്കുകയാണ്. പ്രതിസന്ധിയിലും ആരോഗ്യ മേഖലയ്ക്കും ക്ഷേമപെൻഷൻ-സ്കോളർഷിപ്പ് പോലുള്ള ആനുകൂല്യത്തിനും കുറവ് വരുത്തില്ല.