ന്യൂനമർദം ദുർബലമായി; മഴ കുറയും, ജാഗ്രതാ മുന്നറിയിപ്പുകൾ പിൻവലിച്ചു
Wednesday, September 23, 2020 1:59 AM IST
തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്തുടനീളം തിമിർത്തു പെയ്യുന്ന കാലവർഷം നാളെയോടെ ദുർബലമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവർഷത്തിനു കരുത്തു കൂട്ടി ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും ദുർബലമായി. ഇതു മഴയുടെ ശക്തി കുറയ്ക്കും. കനത്ത മഴയ്ക്കുള്ള സാധ്യതയില്ലാത്തതിനാൽ ഇന്ന് സംസ്ഥാനത്ത് എവിടെയും ജാഗ്രതാ മുന്നറിയിപ്പുകളുമില്ല.
ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തു. ഇടുക്കി, മൂന്നാർ, പീരുമേട് എന്നിവിടങ്ങളിൽ എട്ട് സെന്റിമീറ്ററും മയിലാടുംപാറയിൽ ഏഴ് സെന്റിമീറ്ററും മഴ പെയ്തു. ചെങ്ങന്നൂർ, ഹരിപ്പാട് എന്നിവിടങ്ങളിൽ ആറും കോന്നി, വൈത്തിരി എന്നിവിടങ്ങളിൽ അഞ്ചും സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. മറ്റ് നാല്പതോളം കേന്ദ്രങ്ങളിൽ ഒരു സെന്റീമീറ്റർ വരെയും മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതേസമയം കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.
കാലവർഷം അതിന്റെ പിൻവാങ്ങൽ ഘട്ടത്തിലേക്കു കടക്കുകയാണ്. ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള, നാല് മാസം ദൈർഘ്യമേറിയ കേരളത്തിലെ ഏറ്റവും വലിയ മഴക്കാലത്തിനും ഇതോടെ ശമനമാകും. ഇനി ഒക്ടോബർ പകുതിയോടെ തുലാവർഷം പെയ്തു തുടങ്ങും.