എം.എം. ലോറന്‍സിന്റെ മകന് ബിജെപിയില്‍
Sunday, November 1, 2020 12:55 AM IST
കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മകന് അഡ്വ. ഏബ്രഹാം ലോറന്‍സ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി എറണാകുളം ജില്ലാ ഓഫീസില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഏബ്രഹാം ലോറന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.
സിപിഎം ഗുരുതരമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കള്ളപ്പണം വെളുപ്പിക്കുന്ന മറ്റൊരു കേസില്‍ അറസ്റ്റിലുമായി. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിക്കുനേരെ എത്തിയിരിക്കുന്നു. ഇതിനെതിരേയുള്ള തന്റെ പ്രതിഷേധം കൂടിയാണ് ബിജെപിയില്‍ ചേരാനുള്ള തീരുമാനമെന്നും ഏബ്രഹാം ലോറന്‍സ് പറഞ്ഞു.
തനിക്ക് സിപിഎം അംഗത്വമുണ്ടായിരുന്നു. ബിജെപിയില്‍ ചേരുന്ന കാര്യം പിതാവിനോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മകനെ തള്ളി എം.എം. ലോറന്‍സ് രംഗത്തെത്തി. സിപിഎമ്മിന് അപചയം സംഭവിച്ചെന്ന മകന്റെ അഭിപ്രായത്തോട് യോജിപ്പില്ല. മകന് നിലവില്‍ പാര്‍ട്ടി അംഗത്വമില്ലെന്നും ലോറന്‍സ് പ്രതികരിച്ചു.