മുത്തൂറ്റ് ഫിനാന്‍സിലെ കവര്‍ച്ച 23 കിലോ സ്വര്‍ണവും കണ്ടെടുത്തു
Sunday, January 24, 2021 12:55 AM IST
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ഹൊസൂര്‍ റോഡ് ശാഖയില്‍നിന്നു കവർച്ച ചെയ്ത സ്വർണം മുഴുവൻ പോലീസ് കണ്ടെടുത്തതായി കമ്പനി അധികൃതർ അറിയിച്ചു. പത്തു കോടി രൂപ വിലമതിക്കുന്ന 23 കിലോഗ്രാം സ്വര്‍ണമാണു കൊള്ളയടിച്ചത്. കവർച്ച സംഘത്തിലെ ഏഴു പേരെയും പിടികൂടി.
തമിഴ്നാട്, തെലുങ്കാന, കര്‍ണാടക പോലീസുകാർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കവർച്ച നടന്ന് 24 മണിക്കൂറിനകം പ്രതികളെയും സ്വർണവും ഹൈദരാബാദിൽനിന്നു കസ്റ്റഡിയിലെടുത്തത്.
സ്വർണം സൂക്ഷിച്ച ബാഗുകളിലെ ജിപിഎസില്നിന്നുള്ള സിഗ്നല്‍ പിന്തുടര്ന്നു പ്രതികളെ പിടികൂടുകയായിരുന്നു. 22നു പകൽ ആയുധങ്ങളുമായെത്തിയായിരുന്നു കവർച്ച. കണ്ടെടുത്ത സ്വര്‍ണം ഹൈദരാബാദ് പോലീസിന്റെ കസ്റ്റഡിയിലാണ്.
സ്വര്‍ണം പൂര്‍ണമായി ഇൻഷ്വര്‍ ചെയ്തിട്ടുള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഒരിക്കലും നഷ്ടം നേരിടേണ്ടി വരില്ലെന്നും പോലീസ് വീണ്ടെടുത്ത സ്വര്‍ണം ഉടന്‍തന്നെ തങ്ങള്‍ക്കു തിരികെ ലഭിക്കുമെന്നും മൂത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോർജ് അലക്സാണ്ടര്‍ പറഞ്ഞു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി.