വടകര സീറ്റ്: ജനതാദൾ-എസും എൽജെഡിയും തർക്കത്തിൽ
Tuesday, January 26, 2021 1:38 AM IST
കോഴിക്കോട്: ഇടതുമുന്നണിയിലെത്തിയ എൽജെഡിയും പണ്ടുമുതൽ ഇടതുമുന്നണിയിൽ തുടരുന്ന ജനതാദൾ-എസും വടകര സീറ്റിനെചൊല്ലി കടുത്ത തർക്കത്തിൽ. സോഷ്യലിസ്റ്റ് പാർട്ടികളായ ഇരു വിഭാഗത്തെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഒരുഭാഗത്ത് നടന്നുവരുന്പോഴാണ് പാർട്ടികളുടെ ജില്ലാ നേതാക്കൾ തർക്കം തുടങ്ങിയത്.
ജനതാദൾ-എസിലെ സി.കെ.നാണു പ്രതിനിധാനം ചെയ്യുന്ന വടകര സീറ്റ് തുടർന്നും ലക്ഷ്യംവച്ച് പ്രവർത്തിക്കുന്നതിനിടെയാണ് എൽജെഡി ഇടതുമുന്നണിയിലെത്തുന്നത്. ഇടതുമുന്നണിയിൽനിന്ന് വടകര സീറ്റ് നേടിയെടുക്കാനുള്ള ശ്രമങ്ങൾ എൽജെഡിയും തുടങ്ങിയതോടെയാണ് തർക്കം തുടങ്ങിയത്.
വടകര സീറ്റിൽ എൽജെഡി സ്ഥാനാർഥിയായി ഇടതുമുന്നണിക്കായി വരുമെന്ന് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ പ്രസ്താവനയിറക്കിയതിനു മറുപടിയായി ജനതാദൾ-എസ് ജില്ലാ പ്രസിഡന്റ് കെ.ലോഹ്യ വാർത്താസമ്മേളനം വിളിച്ചാണ് രൂക്ഷമായി പ്രതികരിച്ചത്. എൽജെഡി നേതാവ് യുഡിഎഫ് ഹാംഗ് ഓവറിലാണെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥാനാർഥികളെ സ്വയം പ്രഖ്യാപിക്കുന്ന രീതി യുഡിഎഫിന്റേതാണ്. എൽഡിഎഫിന് അങ്ങിനെയൊരു രീതിയില്ല. ഇതറിയാതെയാണ് എൽജെഡി സീറ്റിനായി അവകാശവാദമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.