അർണോസ് പ്രതിമ: പാതിരിയുടെ വിലാപകാവ്യം ആലപിച്ചു സമരം ഇന്ന്
Wednesday, February 24, 2021 11:50 PM IST
തൃശൂർ: അർണോസ് പാതിരിയുടെ വെങ്കല പ്രതിമ സ്ഥാപിക്കുമെന്ന സർക്കാർ ഉത്തരവ് 25 വർഷമായിട്ടും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് പാതിരിയുടെ വിലാപകാവ്യം ആലപിച്ചുള്ള സമരം ഇന്ന്. തൃശൂർ കളക്ടറേറ്റിനു മുന്നിൽ രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞു രണ്ടുവരെയാണ് വ്യത്യസ്തമായ ഈ സമരപരിപാടി.
രാവിലെ പത്തിനു പാടുംപാതിരി എന്നറിയപ്പെടുന്ന കർണാടിക് സംഗീതജ്ഞൻ റവ. ഡോ. പോൾ പൂവത്തിങ്കൽ തംബുരു മീട്ടി വിലാപകാവ്യ ആലാപന സമരം ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് കെ. രഘുനാഥൻ മുഖ്യപ്രഭാഷണം നടത്തും.
അർണോസ് പാതിരിയുടെ പ്രതിമ സ്ഥാപിക്കാൻ 25 വർഷം മുമ്പു തീരുമാനിച്ചതാണ്. ഇതനുസരിച്ച് വെങ്കലപ്രതിമ തയാറാക്കിയതുമാണ്. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പ്രതിമ സ്ഥാപിക്കുമെന്ന് 1995 മാർച്ച് 15 ന് ഉത്തരവിറക്കിയതുമാണ്. ഈ ഉത്തരവു നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ അയച്ചിട്ടും ഫലമുണ്ടായില്ല.
നവോത്ഥാന മുന്നേറ്റത്തിനു തുടക്കമിട്ട അർണോസ് പാതിരിയുടെ പ്രതിമ സ്ഥാപിക്കാൻ സർക്കാർ മടിക്കുന്നതു ന്യൂനപക്ഷ സമുദായത്തോടുള്ള വിവേചനം മൂലമാണെന്ന് അർണോസ് പാതിരി അക്കാദമി ഡയറക്ടർ റവ. ഡോ. ജോർജ് തേനാടിക്കുളവും ജോണ് കള്ളിയത്തും പറഞ്ഞു.