അറിവു പകരുന്ന കടമയെക്കാള്‍ വലുതല്ല; മത്സരിക്കാനുള്ള അവകാശമെന്നു കോടതി
Friday, February 26, 2021 12:05 AM IST
കൊച്ചി: കുട്ടികള്‍ക്ക് അറിവു പകര്‍ന്നു നല്‍കുകയെന്ന കടമയേക്കാള്‍ വലുതല്ല എയ്ഡഡ് സ്കൂള്‍ അധ്യാപരുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശമെന്നു ഹൈക്കോടതി. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതും വിലക്കിക്കൊണ്ടുള്ള വിധിയിലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതും തടയണമെന്നാവശ്യപ്പെട്ടു പാഴൂര്‍ സ്വദേശി ജിബു പി. തോമസ് ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. വിധിന്യായത്തിന്റെ പൂര്‍ണരൂപം ഇന്നലെയാണ് പുറത്തുവന്നത്.
യുവതലമുറയുടെ ചിന്തകള്‍ക്കു രൂപം നല്കുന്നതു വഴി രാജ്യപുരോഗതിയില്‍ അധ്യാപകര്‍ക്കു നിര്‍ണായക പങ്കുണ്ട്. വിദ്യാര്‍ഥികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും അധ്യാപകര്‍ക്കു കഴിയണം. പ്രാഥമികതലത്തില്‍ മതിയായ വിദ്യാഭ്യാസം നല്കി കുട്ടികളുടെ അടിസ്ഥാന സ്വഭാവ രൂപീകരണത്തിനു സഹായിക്കേണ്ടത് അധ്യാപകരാണ്. എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളെന്നു വ്യത്യാസമില്ലാതെ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തി അവരെ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തരാക്കുകയെന്നതാണ് അധ്യാപകരുടെ മുഖ്യകടമയെന്നും കോടതി വ്യക്തമാക്കി.