എംപിമാര്‍ക്കു യാത്രാനുമതി നിഷേധിച്ചത് അവഹേളനമെന്നു വിജയരാഘവന്
Friday, June 11, 2021 1:03 AM IST
കൊച്ചി: ലക്ഷദ്വീപിലേക്ക് ഇടതുപക്ഷ എംപിമാര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച അഡ്മിനിസ്ട്രേറ്ററുടെ നടപടി പാര്‍ലമെന്റിനോടുള്ള അവഹേളനമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. യാത്രാനുമതി നിഷേധിച്ചതിനെതിരേ എല്‍ഡിഎഫ് എംപിമാരുടെ നേതൃത്വത്തില്‍ വില്ലിങ്ടണ്‍ ഐലന്‍ഡിലെ ലക്ഷദീപ് അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ലക്ഷദ്വീപിലെ സ്ഥിതി സ്ഫോടനാത്മകമാണ്. ദ്വീപ് നിവാസികളുടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ദ്വീപിനെ കാവിവല്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ അടിയന്തരമായി തല്‍സ്ഥാനത്തുനിന്നു നീക്കംചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പന്ന്യന്‍ രവീന്ദ്രന്, എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴികാടന് തുടങ്ങിയവര്‍ പ്രസംഗിച്ചു.