സർക്കാർ നിലപാട് പുതിയ അണക്കെട്ട് പണിയണമെന്ന്: മുഖ്യമന്ത്രി
Tuesday, October 26, 2021 1:20 AM IST
തിരുവനന്തപുരം: ജലനിരപ്പ് 136 അടിയായപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടു പൊട്ടി 35 ലക്ഷം പേർ മരിക്കുമെന്നു പറഞ്ഞു സമൂഹമാധ്യമങ്ങളിലൂടെ ഭീതി പരത്തുന്നവർക്കെതിരേ കർശന നിയമ നടപടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇത്തരം വിപത്തുകളൊന്നും മുല്ലപ്പെരിയാറിൽ ഇല്ലെന്നും ഇതു സംബന്ധിച്ച് ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന നിലപാടിൽ കേരളം ഉറച്ചുനിൽക്കുകയാണ്. ഈ വിഷയത്തിൽ തമിഴ്നാട് സർക്കാർ കേരളവുമായി നന്നായി സഹകരിക്കുന്നുണ്ട്.
പ്രശ്നത്തിനു ചർച്ചയിലൂടെ പരിഹാരമുണ്ടാക്കുമെന്നും എം.എം. മണിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുമെന്നു സമൂഹമാധ്യമങ്ങളിലൂടെ വലിയ പ്രചാരണം നടക്കുകയാണെന്നും ഇതുമൂലം ജനം ഭീതിയിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് നിയമസഭയുടെ ശ്രദ്ധയിൽ ആദ്യം പെടുത്തിയത്.