ഉന്നതശാസ്ത്രജ്ഞരുടെ പട്ടികയിൽ എസ്ബി കോളജിലെ ഡോ. രഞ്ജിത്ത് തോമസും
Wednesday, October 27, 2021 2:05 AM IST
ചങ്ങനാശേരി: ലോകത്തിലെ ഉന്നതരായ രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ എസ്ബി കോളജ് രസതന്ത്ര വിഭാഗം അസി. പ്രഫസർ ഡോ. രഞ്ജിത്ത് തോമസും.
ലോകപ്രശസ്തമായ സ്റ്റാൻഫോർഡ് സർവകലാശാലയും ലോകത്തിലെ ഏറ്റവും വലിയ അക്കാദമിക് പബ്ലിഷറായ എൽസീവിയറും ചേർന്നു പുറത്തിറക്കിയ പട്ടികയിലാണ് ഡോ. രഞ്ജിത്തിന് സ്ഥാനം ലഭിച്ചത്. ഡോ.രഞ്ജിത്തിനു ലഭിച്ച ബഹുമതി ശതാബ്ദി നിറവിലെത്തിയ എസ്ബി കോളജിന് അഭിമാനമായി.
കെമിസ്ട്രി ആൻഡ് ഫിസിക്സ് ശാസ്ത്രശാഖയിൽ മികവു തെളിയിച്ചതിനാണ് അംഗീകാരം. കെമിക്കൽ ഫിസിക്സിൽ ചെയ്തിട്ടുള്ള പ്രബന്ധങ്ങളായിരുന്നു മാനദണ്ഡം.
ദേശീയവും അന്തർദേശീയവുമായ നിലവാരം പുലർത്തുന്ന 85ഓളം ശാസ്ത്രപ്രബന്ധങ്ങളുടെ രചയിതാവുകൂടിയായ ഇദ്ദേഹം ലണ്ടൻ ആസ്ഥാനമായ റോയൽ സൊസൈറ്റിയുടെ ഗവേഷണ പുരസ്കാരത്തിനും അർഹനായിരുന്നു.
ചങ്ങനാശേരി ഫാത്തിമാപുരം കാട്ടുപറന്പിൽ പരേതനായ കെ.ജെ തോമസിന്റെയും അച്ചാമ്മയുടെയും മകനാണ്. ഭാര്യ: എസ്ബി കോളജിലെ സാന്പത്തിക ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. അനില സ്കറിയ.