‘ബിആര്സികളുടെ അനാവശ്യമായ ഇടപെടലുകള് അവസാനിപ്പിക്കണം’
Wednesday, January 26, 2022 2:28 AM IST
കൊച്ചി: ഉപവിദ്യാഭ്യാസ ജില്ലാ ഓഫീസറുടെ കീഴില് പ്രവര്ത്തിക്കുന്ന ബ്ലോക്ക് റിസോഴ്സ് സെന്ററുകള്(ബിആർസി) സ്കൂളുകളുടെ പ്രവര്ത്തനങ്ങളില് അനാവശ്യമായ ഇടപെടലുകള് നടത്തുന്നതായി ആക്ഷേപം.
സംരക്ഷിത അധ്യാപകരും ഭരണാനുകൂല സംഘടനാ പ്രവര്ത്തകരും അടങ്ങുന്ന ബിആര്സികള് കുട്ടികളുടെ വിവരശേഖരണം എന്ന പേരില് സ്കൂള് പ്രവര്ത്തനത്തിനു തടസം സൃഷ്ടിക്കുന്നുവെന്നാണ് എയ്ഡഡ് ഹയര് സെക്കന്ഡറി ടീച്ചേഴ്സ് അസോസിയേഷന്റെ(എഎച്ച്എസ്ടിഎ) പരാതി. പകുതി മാത്രം കുട്ടികള് സ്കൂളുകളില് എത്തിച്ചേരുന്ന ഇക്കാലത്ത് വിവിധതരത്തിലുള്ള വിവരശേഖരണം അത്ര എളുപ്പമല്ലെന്നാണ് അധ്യാപകര്തന്നെ പറയുന്നത്. വിവരശേഖരണത്തിന് ആവശ്യമായ സമയം അനുവദിക്കണമെന്നും അധ്യാപകസംഘടനകള് ആവശ്യപ്പെടുന്നു.