20 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ജൂലൈ 21ന്
Friday, June 24, 2022 12:50 AM IST
തിരുവനന്തപുരം: മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട് ഉൾപ്പെടെ 20 തദ്ദേശ വാർഡുകളിൽ ജൂലൈ 21 ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
വിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിക്കും. നാമനിർദേശ പത്രിക ജൂലൈ രണ്ടുവരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന വിവിധ കേന്ദ്രങ്ങളിൽ ജൂലൈ നാലിന് നടത്തും. ജൂലൈ ആറുവരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണൽ ജൂലൈ 22ന് രാവിലെ 10ന് ആരംഭിക്കും.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ബ്ലോക്ക് ജില്ലാ പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മുഴുവൻ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. മുനിസിപ്പാലിറ്റികളിൽ ആ വാർഡിൽ മാത്രമായും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും ബാധകമാണ്.