ലോകായുക്ത ഭേദഗതി:എതിർക്കാൻ മന്ത്രിമാരോടു സിപിഐ നിർദേശിച്ചതു ജില്ലാ സമ്മേളനത്തിലെ വിമർശനത്തിനു പിന്നാലെ
Wednesday, August 17, 2022 1:58 AM IST
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി കരടു ബിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തുന്പോൾ കടുത്ത എതിർപ്പ് അറിയിക്കാൻ സിപിഐ മന്ത്രിമാരോടു പാർട്ടി നിർദേശിച്ചതു ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന കടുത്ത വിമർശനത്തിനു പിന്നാലെ.
ഇനി വരുന്ന ജില്ലാ സമ്മേളനങ്ങളിലും പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ കടുത്ത വിമർശനം ഉയരുന്നതു തടയുകകൂടി ലക്ഷ്യമിട്ടാണു സിപിഐ മന്ത്രിമാരുടെ നീക്കം.
എന്നാൽ, ലോകായുക്തയുടെ ജുഡീഷൽ അധികാരത്തിനു തടയിടാനുള്ള നീക്കം തടയാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലെ സിപിഐ എതിർപ്പുകൊണ്ടായില്ലെന്ന വിമർശനവും പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. അപ്പീൽ അധികാരിയായി സമിതിയെ നിയോഗിക്കുന്പോൾ ലോകായുക്തയുടെ അഴിമതിക്കെതിരേയുള്ള ജുഡീഷൽ അധികാരത്തിനു മേലുള്ള കടന്നു കയറ്റമായാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ലോകായുക്ത വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമപരമായ അധികാരം നിലനിൽക്കേ വിധിയെ അപ്രസക്തമാക്കുന്ന സമീപനം പാടില്ലെന്ന അഭിപ്രായവും പാർട്ടിയിൽ ഉയരുന്നുണ്ട്.
മുഖ്യമന്ത്രി ഏകാധിപത്യരീതിയിൽ കൈക്കൊള്ളുന്ന സമീപനങ്ങളിൽ മന്ത്രിസഭയിൽ എതിർക്കാൻപോലും പാർട്ടി മന്ത്രിമാർക്കു കഴിയുന്നില്ലെന്ന വിമർശനമാണു പ്രധാനമായി ഉയർന്നത്. എതിർക്കുന്ന മന്ത്രിമാരെ സിപിഐ സംസ്ഥാന സെക്രട്ടറി ശകാരിക്കുമെന്നായിരുന്നു വാദം. ലോകായുക്ത ഭേദഗതി ഓർഡിനൻസ് മുൻപ് പലവട്ടം മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നപ്പോഴും സിപിഐ മന്ത്രിമാർക്കു കാര്യമായ എതിർപ്പ് അറിയിക്കാൻ കഴിഞ്ഞിരുന്നില്ല.
ലോകായുക്തയ്ക്കും ശിപാർശ സ്വഭാവം നിലനിർത്തിയാൽ മതിയെന്നാണു സിപിഎം നിലപാട്. എന്നാൽ, ഇതിനോടു സിപിഐക്കു യോജിക്കാനാവില്ല. ഒന്നാം പിണറായി സർക്കാരിൽ റവന്യൂമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ റവന്യൂ മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്നു മന്ത്രിസഭാ അജൻഡ ചർച്ച ചെയ്തു എതിർക്കേണ്ടതിനെ എതിർത്തിരുന്നു. ഇതിനു സമാനമായ നിലപാടാണ് ഇന്നലെ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിമാരും സ്വീകരിച്ചത്. ഇന്നലത്തെ മന്ത്രിസഭായോഗത്തിൽ രാജനൊപ്പം പി. പ്രസാദും എതിർപ്പുന്നയിച്ചിരുന്നു.