വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നയങ്ങളും ദുരിതമാകരുത്: കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്
Friday, August 19, 2022 1:56 AM IST
കൊച്ചി: വികസനപ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നയങ്ങളും ജനങ്ങളെ ദുരിതത്തിലാക്കുന്നതാകരുതെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്. കേരളത്തിലെ ഭൂരിഭാഗം കൃഷിക്കാരും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെയുള്ള മലയോരതീരദേശ നിവാസികള്‍ നാളുകളേറെയായി സമരമുഖത്താണ്.
ഇഎസ്ഇസഡ്, ബഫര്‍ സോണ്‍ പോലെയുള്ള അശാസ്ത്രീയമായ വനവത്കരണനയങ്ങള്, കൃഷിയിടങ്ങളിലേക്കുള്ള കാട്ടുമൃഗങ്ങളുടെ കടന്നുകയറ്റം, വനം വകുപ്പിന്റെ ജനവിരുദ്ധ സമീപനങ്ങള്‍, ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തത് തുടങ്ങിയവയെല്ലാം കൃഷിക്കാരുടെ ജീവിതം ദുഃസഹമാക്കുന്നു. ജനവിരുദ്ധ സമീപനങ്ങള്‍ മൂലം തീരത്തുനിന്നും സംരക്ഷിത വനമേഖലകളുടെ സമീപപ്രദേശങ്ങളില്‍ നിന്നും
കുടിയിറക്കലിന് നിര്ബന്ധിതരാക്കാമെന്ന വ്യാമോഹം ഉദ്യോഗസ്ഥ തലങ്ങളിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലങ്ങളിലും ഉണ്ടോയെന്നു സംശയിക്കാന്‍ കാരണങ്ങളുണ്ട്. വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടുകയോ പ്രശ്ന പരിഹാരത്തിനു മാര്‍ഗങ്ങള്‍ തേടുകയോ ചെയ്തിട്ടില്ലെന്നു മാത്രമല്ല വര്‍ഷം കഴിയും തോറും പ്രശ്നങ്ങള്‍ ഗുരുതരമാകുകയും ചെയ്യുന്നു.
ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ടെങ്കിലും, ദോഷകരമായി ബാധിക്കുന്ന ജനങ്ങളുടെ വിവരം ശേഖരിക്കാനോ, വനാതിര്‍ത്തി നിജപ്പെടുത്താനോ ശ്രമിച്ചിട്ടില്ല എന്നത് സര്‍ക്കാരിന്റെ അലംഭാവത്തെ തുറന്നുകാണിക്കുന്നു.
കടല്‍ക്ഷോഭത്തെ അതിജീവിക്കാന്‍ ഫലപ്രദമായ സുരക്ഷാ മാര്‍ഗങ്ങള്‍ നടപ്പിലാക്കുമെന്ന വാഗ്ദാനങ്ങള്‍ ചെല്ലാനം പോലെയുള്ളയിടങ്ങളില്‍ ഭാഗികമായി മാത്രം നടപ്പിലാക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ അത്തരം ശ്രമങ്ങള്‍ ഒട്ടും തന്നെ ഉണ്ടായിട്ടില്ല എന്നതും ഗുരുതരമായ കൃത്യവിലോപമാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോടനുബന്ധിച്ച് തദ്ദേശീയരുടെ ആശങ്കകള്‍ പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല എന്നത് ജനാധിപത്യത്തിനു തന്നെ അപമാനകരമാണ്.
ജനങ്ങളുടെ അതിജീവന പോരാട്ടങ്ങളോട് അനുകൂല സമീപനം സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി തയാറാകണം. ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള സര്‍ക്കാരിന്റെ പ്രാഥമികമായ കടമയെങ്കിലും പൂര്‍ണതയോടെ നിറവേറ്റണമെന്ന് അഭ്യര്ഥിക്കുന്നതോടൊപ്പം അതിജീവന പോരാട്ടം നടത്തുന്ന ജനങ്ങള്‍ക്ക് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന് പിന്തുണ അറിയിക്കുകയും ചെയ്യുന്നുവെന്ന് സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.