ജനറൽ ആശുപത്രി ഡോക്ടർ താമസസ്ഥലത്തു മരിച്ച നിലയിൽ
Thursday, March 30, 2023 12:53 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം മെഡിക്കൽ ഒാഫീസർ തിരുവനന്തപുരം കൈമനം ഗണേഷ് ഭവനിൽ ഡോ.ജി.എസ്. ഗണേഷിനെ(35) വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പ്രഭാത ഭക്ഷണവുമായി എത്തിയയാൾ വീട് അകത്തുനിന്നു പൂട്ടിയിട്ടിരിക്കുന്നതു കണ്ട് ഏറെ നേരം വിളിച്ചെങ്കിലും തുറക്കാതിരുന്നപ്പോൾ കെട്ടിട ഉടമ മുഖേന പോലീസിൽ അറിയിച്ചു.
പോലീസ് കതക് തുറന്നപ്പോഴാണ് ഡോക്ടറെ മരിച്ചനിലയിൽ കണ്ടത്. ‘’ഒറ്റയ്ക്കാണ്, തോറ്റുപോയി. ഞാൻ പോകുന്നു. ആർക്കും നിഴലാകുന്നില്ല... എന്നിങ്ങനെ ഭിത്തിയിൽ എഴുതിയിട്ടുണ്ട്. പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ കളക്ടർ ദിവ്യ എസ്.അയ്യർ അടക്കം അന്തിമോപചാരം അർപ്പിച്ചു. ഭാര്യ: ഡോ. ആര്യ (ഇഎസ്ഐ ആശുപത്രി, ആലപ്പുഴ). മൂന്നു വയസുളള മകളുണ്ട്.
നാലു വർഷമായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഒാഫീസറായിരുന്നു ഡോ. ഗണേഷ്. കോവിഡ് ചികിത്സാരംഗത്തു സജീവമായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ശബരിമല പാതയിലെ ഇലവുങ്കലിൽ അപകടത്തിൽപ്പെട്ടവരെ ചികിത്സിക്കാനും മുൻനിരയിലുണ്ടായിരുന്നു. മരണത്തിനു തലേദിവസം രാത്രിവരെ സ്റ്റഡിയത്തിൽ സഹപ്രവർത്തകർക്കൊപ്പം ഫുട്ബോൾ കളിക്കാനുമുണ്ടായിരുന്നു.