സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിൽ വനസൗഹൃദ സദസ് സംഘടിപ്പിക്കും
Thursday, March 30, 2023 12:54 AM IST
തിരുവനന്തപുരം: വനമേഖലയിലെ 20 കേന്ദ്രങ്ങളിൽ സർക്കാരിന്റെ ആഭിമുഖ്യത്തിൽ വനസൗഹൃദ സദസ് സംഘടിപ്പിക്കും. ഏപ്രിൽ രണ്ടിനു രാവിലെ 10.30ന് മാനന്തവാടി സെന്റ് പാട്രിക് സ്കൂൾ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. സമാപനം 28ന് തിരുവനന്തപുരത്തെ ആര്യനാട്ട് നടക്കും. ജനങ്ങളും വനം വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുക, മേഖലയിൽ സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവയാണ് വനസൗഹൃദ സദസ് സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
വനസൗഹൃദ സദസിൽ ജനപ്രതിനിധികൾക്കും വിദഗ്ധർക്കും മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള നിർദേശം സമർപ്പിക്കാം. പുതിയതും നിലവിലുള്ളതുമായ പരാതികളിൽ മേയ് മാസത്തിലെ താലൂക്ക്തല അദാലത്തിൽ പരിഹാരം കാണും.
വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കുള്ള ധനസഹായം, പരിക്കിന് നഷ്ടപരിഹാരം, കൃഷിനാശം, കെട്ടിട നാശം, വനമേഖലയിലെ പഞ്ചായത്ത് റോഡ് വിഷയം, വിവിധതരം നിരാക്ഷേപ പത്രങ്ങൾ, വികസന പ്രവർത്തനത്തിന് മരം മുറിച്ചുമാറ്റൽ, അപകടകരമായ മരം മുറിച്ചുമാറ്റൽ, ജണ്ട തിരിക്കൽ, സംയുക്ത സർവേ വിഷയങ്ങൾ. വസ്തുവില്പനക്ക് എൻഒസി ലഭിക്കാത്ത വിഷയം തുടങ്ങി പരാതി നൽകിയിട്ടില്ലാത്ത വിഷയങ്ങളിലും പരാതി നൽകാം.