കാട്ടാന ആക്രമണം: വനംവകുപ്പ് താത്കാലിക ജീവനക്കാരന് മരിച്ചു
Wednesday, September 13, 2023 4:16 AM IST
വെള്ളമുണ്ട(വയനാട്): കര്‍ണാടകയില്‍നിന്നുള്ള സഞ്ചാരികള്‍ക്കൊപ്പം ട്രക്കിംഗ് നടത്തി മടങ്ങുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ താത്കാലിക വനം ജീവനക്കാരന് മരിച്ചു. പുളിഞ്ഞാല്‍ വനസംരക്ഷണ സമിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വാച്ചറും ഗൈഡുമായ നെല്ലിക്കച്ചാല്‍ നെല്ലിയാനിക്കോട്ട് തങ്കച്ചനാണു (53)മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെ പുളിഞ്ഞാല്‍ ചിറപ്പുല്ലിലായിരുന്നു സംഭവം. വെള്ളമുണ്ട ഫോറസ്റ്റ് സ്റ്റേഷനില്‍നിന്നാണ് അഞ്ച് സഞ്ചാരികളുമായി തങ്കച്ചന് തവളപ്പാറ വനത്തില്‍ ട്രക്കിംഗിനു പോയത്. ആനയുടെ ആക്രമണം ഉണ്ടായപ്പോള്‍ സഞ്ചാരികള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ വനം ഓഫീസിലെത്തി വിവരം അറിയിച്ചതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തങ്കച്ചനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം വൈകുന്നേരം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്കാരം ഇന്നു നടത്തും. ഭാര്യ: സുജ. മക്കൾ: അയോണ, അനോള്‍ഡ്.