ഐസിയു പീഡനം: അറ്റന്‍ഡറുടെ സസ്പെന്ഷന് നീട്ടി
Wednesday, September 20, 2023 12:58 AM IST
കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ പ്രതിയുടെ സസ്പെൻഷൻ നീട്ടി. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനാണ് പ്രതി മെഡിക്കല്‍ കോളജ് അറ്റന്‍ഡര്‍ ശശീന്ദ്രന്റെ സസ്പെൻഷൻ കാലാവധി നീട്ടിയത്. ആറുമാസത്തെ സസ്പെൻഷൻ ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു.
പ്രാഥമികാന്വേഷണത്തിൽ ഇയാൾ കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു. കേസ് അട്ടിമറിക്കാന്‍ ഡോക്ടര്‍ ശ്രമിച്ചുവെന്നും തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നുമുള്ള അതിജീവിതയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സസ്പെന്ഷന് നീട്ടികൊണ്ടുള്ള ഉത്തരവുമിറക്കിയത്. എന്നാൽ കഴിഞ്ഞദിവസം മെഡിക്കല്‍ കോളജ് എസിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ അതിജീവിതയുടെ പരാതി തള്ളിയിരുന്നു. ഗൈനക്കോളജിസ്റ്റ് കെ.വി. പ്രീതയുടെ റിപ്പോര്‍ട്ടില്‍ വീഴ്ചയില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗൈനക്കോളജിസ്റ്റ് രേഖപ്പെടുത്തിയത് അവരുടെ നിഗമനങ്ങളാണ്. അട്ടിമറി നടത്തിയിട്ടില്ല. അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ യുവതി പീഡിപ്പിക്കപ്പെട്ടത്.