തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനം സംവരണം വന്നതോടെ പ്രമുഖരായ പ്രാദേശിക നേതാക്കൾ അടുത്തടുത്ത വാർഡുകളിൽ മാറി മാറി മത്സരിക്കുന്ന പ്രവണത പലയിടത്തുമുണ്ട്. വനിതാ വാർഡിൽ നേതാക്കളുടെ ഭാര്യമാർ മത്സരിക്കുന്നതും വ്യാപകമാണ്. നിയമസഭയിലെയും ലോക്സഭയിലെയും തെരഞ്ഞെടുപ്പുകളിൽ ഈ രീതി പിന്തുടരാൻ എളുപ്പമായിരിക്കില്ലെന്നു കരുതാം.
മണ്ഡലം പരിപാലിക്കുന്നതിൽ മിടുക്കരായവർ തുടർച്ചയായി ജയിച്ചു വരുന്നതാണ് കേരളത്തിൽ കണ്ടുവരുന്നത്. തുടർച്ച ഉണ്ടാകില്ലെന്ന് ഉറപ്പായാൽ മണ്ഡലത്തിലെ ദീർഘകാല വികസന പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ ശ്രദ്ധിക്കില്ലെന്ന വാദവും ഉയരുന്നുണ്ട്. താത്കാലിക നേട്ടത്തിനും കൈയടിക്കുമുള്ള പദ്ധതികളിലും പ്രവർത്തനങ്ങളിലുമാകും ജനപ്രതിനിധികളുടെ ശ്രദ്ധ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നേതാക്കൾ ഉയർന്നുവരട്ടെ സാക്ഷരതയിൽ കേരളത്തിലെ സ്ത്രീകൾ ഉയർന്ന നില കൈവരിച്ചെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇപ്പോഴും വളരെ പരിമിതമായി മാത്രമേ അവർ കടന്നുവരുന്നുള്ളു. സംവരണം നടപ്പിലാകുന്നതോടെ കൂടുതൽ സ്ത്രീകൾ ഈ മേഖലയിലേക്കു വരുമെന്നു കരുതാം. രാഷ്ട്രീയ പ്രവർത്തന ശൈലിയിൽ ഇതുവഴി ഗുണപരമായ മാറ്റം വരും. കരുത്തരായ വനിതാ നേതാക്കളുടെ നിരതന്നെ ഉയർന്നു വരാൻ വനിതാ സംവരണം വഴിതെളിച്ചേക്കാം. സ്ത്രീശക്തീകരണ നീക്കങ്ങൾക്കു കുതിപ്പു പകരാൻ നിയമനിർമാണ സഭകളിലെ ഉയർന്ന സ്ത്രീസാന്നിധ്യം സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
വനിതകൾക്ക് ഇടംകൊടുക്കാൻ മടിച്ച് കേരളം കേരളത്തിലെ ആദ്യ എംഎൽഎ വനിതയായിരുന്നു. ദേവികുളത്തുനിന്നു ജയിച്ച സിപിഐക്കാരിയായ റോസമ്മ പുന്നൂസ് ആണ് 1957ൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. പ്രോടെം സ്പീക്കറായ അവർ മറ്റ് അംഗങ്ങൾക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്നാൽ രാഷ്ട്രീയത്തിലെ സ്ത്രീ മുന്നേറ്റത്തിന് ഇതൊന്നും കാരണമായില്ല.
1957ലെ ഒന്നാം നിയമസഭയിൽ ആറു വനിതകൾ മാത്രമാണുണ്ടായിരുന്നത്. മൊത്തം അംഗങ്ങളിൽ 5.3 ശതമാനം മാത്രം. 1960ലെ രണ്ടാം നിയമസഭയിൽ വനിതാ അംഗങ്ങളുടെ എണ്ണം ഏഴ് ആയി. 1967ൽ കെ.ആർ. ഗൗരിയമ്മ മാത്രം. 1970ൽ രണ്ടു പേർ. 1977ൽ വീണ്ടും ഒരാളായി. 1980ലും 1982ലും അഞ്ചു പേർ വീതം. 1987ലും 1991ലും എട്ടു വനിതകൾ നിയമസഭയിലെത്തി.
1996ലെ 13 അംഗങ്ങൾ എണ്ണത്തിൽ റിക്കാർഡ് ആണ്. 2001ൽ ഒന്പത്, 2006ലും 2011ലും ഏഴു വീതം, 2016ൽ ഒന്പതു പേർ എന്നിങ്ങനെ ആയിരുന്നു വനിതാ എംഎൽഎമാർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചു വന്നത് 11 പേർ ആയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ ഉമ തോമസ് ജയിച്ചു വന്നതോടെ നിലവിൽ നിയമസഭയിൽ വനിതകളുടെ എണ്ണം 12 ആയി.
കേരളത്തിൽനിന്ന് ഒന്പതു വനിതകൾ മാത്രമാണ് ഇതുവരെയായി ലോക്സഭയിലെത്തിയിട്ടുള്ളത്. നിലവിൽ ഇരുപതംഗങ്ങളിൽ രമ്യ ഹരിദാസിൽ ഒതുങ്ങുന്നു വനിതാ പ്രാതിനിധ്യം.