രണ്ടാം വന്ദേഭാരത് ഞായറാഴ്ച മുതൽ
Thursday, September 21, 2023 1:41 AM IST
തിരുവനന്തപുരം: കേരളത്തിനു ലഭിച്ച രണ്ടാം വന്ദേഭാരത് ഞായറാഴ്ച മുതൽ സർവീസ് തുടങ്ങിയേക്കും. ട്രെയിൻ ചെന്നൈയിൽ നിന്നു പുറപ്പെട്ടു. ഞായറാഴ്ച പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കുമെന്നാണ് വിവരം.
കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് അടക്കം ഒൻപതു വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം അന്നു നടക്കും.
പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റുമാർക്ക് കൈമാറിയ ട്രെയിൻ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ചെന്നൈ സെൻട്രലിൽ നിന്നും കേരളത്തിലേക്കു പുറപ്പെട്ടത്. ഇന്ന് ട്രെയിൻ തിരുവനന്തപുരത്ത് എത്തിച്ചേരും.
കാസർഗോഡുനിന്ന് തിരുവവനന്തപുരത്തേക്ക് ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുകയെന്നാണ് വിവരം. രണ്ടാം വന്ദേഭാരതിന്റെ സമയക്രമവും തയാറായിട്ടുണ്ട്.
രാവിലെ ഏഴിനു കാസർഗോട്ടുനിന്ന് യാത്ര തുടങ്ങും. തിരുവനന്തപുരത്ത് 3.05ന് എത്തും. തിരുവനന്തപുരത്തുനിന്ന് 4.05ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.55ന് കാസർഗോഡ് എത്തും. ആഴ്ചയിൽ ആറു ദിവസം സർവീസുണ്ടായിരിക്കും.