ഇഡി പിടിച്ചു ; സിപിഎം നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
Wednesday, September 27, 2023 6:25 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി.ആര്. അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.
കേസില്‍ ആദ്യമായാണ് ഒരു സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യുന്നത്. ഇന്നലെ ഉച്ചയ്ക്ക് തൃശൂരിലെ വീട്ടില്‍നിന്ന് ഇഡി കസ്റ്റഡിയിലെടുത്ത അരവിന്ദാക്ഷനെ കൊച്ചി ഓഫീസിലെത്തിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച ഹര്‍ജി ഇന്നു പരിഗണിക്കും. കേസില്‍ മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എ.സി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാനിരിക്കേയാണ് ഇവരുടെ അറസ്റ്റ്.
കഴിഞ്ഞദിവസം തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ എം.കെ. കണ്ണനെ ഇഡി ഏഴു മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇയാളോട് 29ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ ആരോപണവിധേയനായ മുന്‍ എംപി പി.കെ. ബിജുവിനെയും ഇഡി ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
അത്താണി ലോക്കല്‍ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കൂടിയായ അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതി പി. സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണമിടപാടിലെ ഇടനിലക്കാരനുമാണ്. സതീഷ്കുമാര്‍ നടത്തിയ പല സാമ്പത്തിക ഇടപാടുകള്‍ക്കും ഇടനിലക്കാരനായത് അരവിന്ദാക്ഷനാണെന്നാണു ഇഡി കണ്ടെത്തല്‍. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും നേരത്തേ അരവിന്ദാക്ഷന് പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതിയില്‍ പോലീസ് ഇഡി ഓഫീസിലെത്തി പരിശോധന നടത്തിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല.
ബാങ്ക് വായ്പാ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിലും ജില്‍സ് പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങിയ ജില്‍സ്, തന്നെ തട്ടിപ്പുകേസില്‍ കുടുക്കിയതാണെന്നും ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്നും ആരോപിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവര്‍ വായ്പാതട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കിലൂടെ കള്ളപ്പണ ഇടപാട് നടത്തിയ പി. സതീഷ് കുമാര്‍, പി.പി. കിരണ്‍ എന്നിവര്‍ക്ക് കൂട്ടുനിന്ന് കൈക്കൂലിയിനത്തിലും ഇവര്‍ പണമുണ്ടാക്കി. ഈ കണ്ടെത്തല്‍ ക്രൈംബ്രാഞ്ചും വെളിപ്പെടുത്തിയിരുന്നു.
സഹകരണമേഖലയെ തകർക്കാനുള്ള ശ്രമം
നിരവധി തവണ ചോദ്യംചെയ്തിട്ട് വിട്ടയച്ച വ്യക്തിയാണ് അദ്ദേഹം. ചോദ്യം ചെയ്യുന്നതിനിടെ മൃഗീയമായി മർദിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ചോദ്യംചെയ്യുന്ന മുറിക്കുള്ളിൽ കയറ്റിയാൽ പിന്നെ ഒന്നും അറിയില്ല. ചാക്കിൽ കെട്ടി പണം കൊണ്ടുപോയെന്നു പറയണമെന്നു പറഞ്ഞാണു ഭീഷണിപ്പെടുത്തിയത്.
അത്തരം ഭീഷണികൾ ഉണ്ടാകുന്പോൾ ആരും ഒന്നും പുറത്തു പറയാറില്ല. ഇദ്ദേഹം പുറത്തു പറഞ്ഞതോടെ ഇഡി വേട്ടയാടാൻ തുടങ്ങി. തെറ്റായ നിലപാടാണ് ഇഡി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സഹകരണമേഖലയെ തകർക്കാനുള്ള ശ്രമമാണു നടത്തുന്നത്. അതിന്റെ ഭാഗമാകാൻ പാർട്ടിക്കു മനസില്ല.