സൈബർ ആക്രമണം: സംസ്ഥാനത്ത് 42 കേസെടുത്തു
Friday, April 19, 2024 1:10 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരേയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തവർക്കെതിരേ സംസ്ഥാനത്ത് ഇതുവരെ 42 കേസുകൾ രജിസ്റ്റർ ചെയ്തു.
സമൂഹത്തിൽ വിദ്വേഷവും സ്പർധയും വളർത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങൾ നിർമിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരേയും അവ പങ്കുവയ്ക്കുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും.