സിൽവർലൈൻ അട്ടിമറിക്കാൻ 150 കോടി രൂപ ; പ്രതിപക്ഷ നേതാവിനെതിരായ ഹർജി വിജിലൻസ് കോടതി തള്ളി
Friday, April 19, 2024 3:58 AM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി. സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് 150 കോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജിയാണ് തള്ളിയത്.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ ആരോപണങ്ങൾ മാത്രമേ ഉള്ളൂ എന്നും തെളിവുകൾ ഹാജരാക്കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിയുടെ തുടർനടപടികൾ കോടതി അവസാനിപ്പിച്ചത്.
പരാതിക്കാരനായ എ.എച്ച്. ഹഫീസിന് ആരോപണങ്ങളുമായി നേരിട്ട് ഒരു ബന്ധവുമില്ലെന്ന കാര്യം വ്യക്തമാണ്. നിയമസഭയിൽ പി.വി. അൻവർ നടത്തിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയത്. വെറും ഒരു പ്രസംഗത്തിന്റെ പേരിൽ എങ്ങനെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുമെന്നും കോടതി ചോദിച്ചു.
നിയമസഭയിൽ ഒരു അംഗം ഉന്നയിച്ച ആരോപണം എന്നതിൽ കവിഞ്ഞു യാതൊരു വിവരവും ഉൾക്കൊള്ളാത്ത പരാതിയിൽ തുടർനടപടി വേണ്ടെന്നായിരുന്നു വിജിലൻസിനു ലഭിച്ച നിയമോപദേശം. വിജിലൻസ് ഡയറക്ടർക്കു നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയിൽ ഹർജി നൽകിയത്.