തൊഴിൽദാന പദ്ധതി പെൻഷൻ നിലച്ചിട്ട് 30 മാസം
Saturday, July 13, 2024 1:55 AM IST
റെനീഷ് മാത്യു
കണ്ണൂർ: ലക്ഷം യുവജനങ്ങൾക്ക് കാർഷിക മേഖലയിൽ പ്രത്യേക തൊഴിൽദാന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പെൻഷൻ വിതരണം നിലച്ചിട്ട് 30 മാസം. നിലവിൽ 2022 ജനുവരി മുതലുള്ള പെൻഷൻ മുടങ്ങിയിരിക്കുകയാണ്.
കാർഷിക മേഖലയിൽ ഒരു ലക്ഷം യുവാക്കൾക്ക് തൊഴിൽദാനം പദ്ധതി എന്ന പേരിൽ 1993 ജനുവരി രണ്ടിന് കെ. കരുണാകരന്റെ സർക്കാരാണ് ഇതു നടപ്പിലാക്കിയത്. അന്നത്തെ കൃഷിമന്ത്രിയായിരുന്ന പി.പി. ജോർജായിരുന്നു പദ്ധതിക്കു പിന്നിൽ.
എല്ലാ പഞ്ചായത്തുകളിൽനിന്നുമായി തെരഞ്ഞെടുക്കപ്പെടുന്ന ഒരു ലക്ഷം യുവതീ-യുവാക്കളെ കാർഷികവൃത്തിയിൽ പങ്കാളികളാക്കുക വഴി അവർക്ക് സ്ഥിരമായി തൊഴിലും വരുമാനവും ഉണ്ടാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
കൃഷി ഓഫീസർമാർ മുഖേനയായിരുന്നു പഞ്ചായത്തിൽനിന്ന് 100 പേരെ വീതം തെരഞ്ഞെടുത്തിരുന്നത്. 20നും 30നുമിടയിൽ പ്രായമുള്ളവരാണ് പദ്ധതിയിൽ ചേരേണ്ടത്.
ആയിരം രൂപ അടച്ച് പദ്ധതിയൽ ചേരാം. 60 വയസ് തികയുന്പോൾ ചേർന്നതുമുതൽ 60 വയസ് തികയുന്നതു വരെയുള്ള കാലയളവ് നോക്കി ഗ്രാറ്റുവിറ്റിയും പ്രതിമാസം ആയിരം രൂപ പെൻഷനും നല്കാൻ വിഭാവനം ചെയ്ത പദ്ധതിയാണിത്. പദ്ധതിയിൽ 20 വയസിൽ ചേരുന്നവർക്ക് 60,000 രൂപയായിരുന്നു ഗ്രാറ്റുവിറ്റി ലഭിക്കുക.
പദ്ധതിയിൽ ചേരുന്നവർ മരണമടഞ്ഞാൽ ഒരുലക്ഷം രൂപയും ലഭിക്കുമായിരുന്നു. പദ്ധതിയിൽ അംഗങ്ങളായവർക്ക് രണ്ടുവർഷം മുൻപു വരെ പെൻഷൻ മുടങ്ങാതെ ലഭിച്ചിരുന്നു.
ഈ പെൻഷൻ വാങ്ങുന്നവർക്ക് മറ്റ് സാമൂഹ്യ സുരക്ഷാപെൻഷന് അപേക്ഷ സമർപ്പിക്കാൻ അർഹതയുമില്ല. അതിനാൽ, 30 മാസമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണം ചെയ്യണമെന്നും കാലാനുസൃതമായി പെൻഷൻ തുക വർധിപ്പിക്കണമെന്നുമാണ് പദ്ധതിയിൽ അംഗങ്ങളായവരുടെ ആവശ്യം.