ഇഷ്ടകളിപ്പാട്ടം സമ്മാനിച്ച് ഇഷ്ടനടൻ, മഹാദേവിന് മധുരപ്പിറന്നാൾ
Thursday, July 18, 2024 3:25 AM IST
കൊച്ചി: പിറന്നാള്‍ദിനത്തില്‍ അപ്രതീക്ഷിതമായൊരു സമ്മാനം; അതും തനിക്ക് ഏറെ ഇഷ്ടപ്പെട്ട ടോയ് കാര്‍. അതു സമ്മാനിച്ചതാകട്ടെ മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയും. അപ്രതീക്ഷിതമായി കിട്ടിയ പിറന്നാള്‍ സമ്മാനത്തിന്റെ ത്രില്ലിലാണ് മമ്മൂട്ടിയുടെ കട്ട ഫാനായ മഹാദേവ് എന്ന രണ്ടാം ക്ലാസുകാരന്.
ഒരു കുഞ്ഞ് ലംബോര്‍ഗിനി കളിപ്പാട്ട കാറാണ് മമ്മൂട്ടി മഹാദേവിനു സമ്മാനിച്ചത്. സമ്മാനം നല്‍കിയതിനൊപ്പം അവനെ ചേര്‍ത്തുപിടിച്ച് ഹാപ്പി ബര്‍ത്ത് ഡേ ആശംസിച്ച് ഫോട്ടോയുമെടുത്താണ് മമ്മൂട്ടി മടങ്ങിയത്. നിര്‍മാതാവും മമ്മൂട്ടിയുടെ മേക്കപ്മാനുമായ ജോര്‍ജ് ഈ മനോഹര വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ അതങ്ങ് വൈറലായി.
ഗൗതം മേനോന് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രത്തിന്റെ പൂജാ ദിവസം മുതല്‍ ലൊക്കേഷനിലെ സ്ഥിരം സന്ദര്‍ശകനാണ്, ചിത്രീകരണം നടക്കുന്ന ഫ്ലാറ്റിന് തൊട്ടടുത്തു താമസിക്കുന്ന മമ്മൂക്കയുടെ ‘കണ്ണൂര്‍ സ്ക്വാഡ്’ കുട്ടിഫാന്‍ മഹാദേവ്.
എറണാകുളം പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്. ഇതിന് തൊട്ടടുത്ത ഫ്ലാറ്റിലാണ് മഹാദേവും കുടുംബവും താമസിക്കുന്നത്. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ കുഞ്ഞു മഹാദേവ് മമ്മൂട്ടിയുമായി സൗഹൃദത്തിലായി.
കഴിഞ്ഞദിവസം മഹാദേവിന്റെ പിറന്നാളായിരുന്നുവെന്ന് മനസിലാക്കിയ മമ്മൂട്ടി സമ്മാനവുമായി എത്തുകയായിരുന്നു. മഹാദേവിന് മമ്മൂട്ടി പിറന്നാള്‍ സമ്മാനം നല്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോള്‍. സമ്മാനം തുറന്നുനോക്കുന്ന മഹാദേവിന്റെ ഞെട്ടലും “എന്റെ മോനേ, ലംബോര്‍ഗിനി’’ എന്ന വാക്കുകളും ശ്രദ്ധയാകര്‍ഷിക്കുകയാണ്.