24 കുട്ടികളുമായി പോയ സ്കൂൾ ബസ് കനാലിലേക്കു മറിഞ്ഞു
Friday, July 19, 2024 1:41 AM IST
ആലത്തൂർ: സ്കൂൾ ബസ് കുട്ടികളുമായി വെള്ളം നിറഞ്ഞ കനാലിലേക്കു മറിഞ്ഞു. നാട്ടുകാരുടെ അവസരോചിത ഇടപെടൽ വൻദുരന്തം ഒഴിവാക്കി.
ആലത്തൂർ കാട്ടുശേരിയിൽ ആർ. കൃഷ്ണൻ സ്മാരക റോഡിനു സമീപമുള്ള ചേരാമംഗലം കനാലിലേക്കാണു ബസ് മറിഞ്ഞത്. ഇന്നലെ വൈകുന്നേരം 3.45നായിരുന്നു അപകടം.
സംഭവത്തില്‍ 12 വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലത്തൂർ എഎസ്എംഎം ഹയർ സെക്കൻഡറി സ്കൂൾബസ് കാട്ടുശേരിയിൽനിന്ന് ഇരട്ടക്കുളം ഭാഗത്തേക്കു പോകുമ്പോഴായിരുന്നു അപകടം.
അപകടസമയത്ത് 24 വിദ്യാര്‍ഥികള്‍ ബസിലുണ്ടായിരുന്നതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞു. സ്കൂളില്‍നിന്ന് പുറപ്പെടുമ്പോള്‍ ബസില്‍ 40 കുട്ടികളുണ്ടായിരുന്നു.
ശബ്ദം കേട്ട് സമീപത്തെ കൃഷിയിടത്തിൽനിന്ന് ഓടിയെത്തിയ പി.കെ. മോഹനൻ, വാസു, റോഡിലൂടെ നടന്നുപോയിരുന്ന സമീപവാസിയും വിദ്യാർഥിയുമായ കിരൺരാജ്, മറ്റു നാട്ടുകാർ തുടങ്ങിയവരുടെ അവസരോ ചിത ഇടപെടൽമൂലം ബസിലുണ്ടായിരുന്ന 24 കുട്ടികളെയും നിസാര പരിക്കുകളോടെ രക്ഷപ്പെടുത്താനായി.
തുടർന്ന് പോലീസും ഫയർഫോഴ്സും എത്തിയതോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലായി; ബസ് ക്രെയിൻ ഉപയോഗിച്ച് കനാലിൽനിന്നെടുത്തു. കുട്ടികൾക്ക് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. കനാലിനു കൂടുതൽ താഴ്ചയുള്ള ഭാഗത്തായിരുന്നു അപകടമെങ്കിൽ വലിയ ദുരന്തമാകുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
രാവിലെ മുതൽ പ്രദേശത്തു നല്ല മഴയായിരുന്നു. അപകടസമയത്തു മഴ ചെറിയ തോതിലായിരുന്നതും രക്ഷാപ്രവർത്തനത്തിനു തുണയായി. റോഡിലെ കുഴിയിൽ വീണ് ബസിന്റെ സ്റ്റിയറിംഗ് റാഡ് പൊട്ടിയതാണ് അപകടകാരണമെന്നു കരുതുന്നുവെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
ബസിനു ഫിറ്റ്നസ് ഉണ്ടായിരുന്നതായും റോഡിലെ കുഴിയില്‍ ചാടി നിയന്ത്രണം വിട്ടതാകാമെന്നും ആലത്തൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ്. സമീഷ് പറഞ്ഞു.