കെഎസ്ഇബിയെ തകർക്കുന്നത് ട്രേഡ് യൂണിയനുകളാണെന്നു പറഞ്ഞ ഉപയോക്താക്കൾ കെഎസ്ഇബി ജീവനക്കാർക്ക് ശന്പളവും പെൻഷനും മറ്റാനുകൂല്യങ്ങളും നൽകുന്നതിനു വേണ്ടിയാണ് നിരക്ക് വർധനയിലൂടെ പാവപ്പെട്ടവരെ പിഴിയുന്നതെന്ന വിമർശനം ഉയർത്തി. നഷ്ടത്തിൽ നിന്ന് കരകയറാൻ കെഎസ്ഇബി ആദ്യം ചെയ്യേണ്ടത് ജീവനക്കാരെ കുറയ്ക്കുകയും അവരുടെ വലിയ വേതനം വെട്ടിക്കുറയ്ക്കുകയുമാണ് വേണ്ടതെന്ന് പലരും ചൂണ്ടിക്കാട്ടി.
ജീവനക്കാർ അധികമാണെന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിർദേശങ്ങൾ പൂർണമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ പ്രതിനിധി രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ജീവനക്കാരും ഉപയോക്താക്കളും തമ്മിൽ നേർക്കു നേർ പോർവിളിയായി. യോഗത്തിനെത്തിയവർ പ്രതിഷേധവുമായി ഡയസിലേക്ക് കയറി. ഇതോടെ മൈക്ക് ഓഫ് ചെയ്തു. ഇത് ഉപയോക്താക്കളെ കൂടുതൽ പ്രകോപിതരാക്കി. ബഹളം കനത്തതോടെ പോലീസ് ഇടപെട്ട് ഏറെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.
അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുന്നതു മൂലം വ്യവസായ സ്ഥാപനങ്ങൾക്കുണ്ടാകുന്ന നഷ്ടം കെഎസ്ഇബി പരിഹരിക്കണം, ദ്വൈമാസ ബിൽ അശാസ്ത്രീയമായതിനാൽ മാസം തോറും ഉപയോക്താക്കൾക്ക് ബിൽ നൽകണം, ബില്ലിൽ ഓരോ ഇനത്തിലും ഈടാക്കുന്ന തുകയെ സംബന്ധിച്ച് കെഎസ്ഇബി വിശദീകരിക്കണം, ഇത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം, ഉപയോക്താക്കൾ മുഴുവൻ പണവും നൽകിയ മീറ്ററിന് പ്രതിമാസ വാടക ഈടാക്കുന്നത് പിൻവലിക്കണം, ഫിക്സഡ് ചാർജ് പിൻവലിക്കണം തുടങ്ങി നിരവധി നിർദേശങ്ങളാണ് കമ്മീഷന് മുന്നിലെത്തിയത്. ഇക്കാര്യത്തിലെല്ലാം ആവശ്യമായ പരിശോധനയും നടപടിയും ഉണ്ടാകണമെന്നും ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
വെള്ളയന്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന തെളിവെടുപ്പിൽ ഗാർഹിക ഉപയോക്താക്കൾ, ചെറുകിട സംരംഭകർ, സോളാർ ഉപയോക്താക്കളുടെ സംഘടനകളുടെ പ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.