ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ പ്രത്യേക സർവേ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചു
Tuesday, October 15, 2024 1:29 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ നടത്താനിരുന്ന പ്രത്യേക സർവേ ദുരന്തബാധിതരുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചു. ജില്ലാ കളക്ടർ അധ്യക്ഷയായ പ്രത്യേക സംഘമാണു തിങ്കളാഴ്ച മുതൽ ചൂരൽമലമേഖലയിൽ സർവേ നടത്തേണ്ടിയിരുന്നത്.
സംഘം സർവേ നടപടികൾക്കായി എത്തുന്നതറിഞ്ഞ് ദുരന്തബാധിതർ സംഘടിച്ച് എത്തുകയായിരുന്നു. ദുരന്തം പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഡോ.ജോണ് മത്തായി കമ്മിറ്റി റിപ്പോർട്ട് അംഗീകരിക്കാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണു സർവേ തടഞ്ഞത്.
ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പലമേഖലകളും സുരക്ഷിതമാണെന്നു ജോണ് മത്തായി കമ്മിറ്റി റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണു പ്രതിഷേധത്തിനു കാരണമായത്.
ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനു സമീപത്തെ മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിൽ ദുരന്തഭൂമിയിൽ നിന്നു 50 മീറ്റർ അകലെയും ചൂരൽമല ഉൾപ്പെടെയുള്ള മറ്റു പ്രദേശങ്ങളിൽ 30 മീറ്റർ അകലെയും സുരക്ഷിതമാണെന്നു റിപ്പോർട്ടിൽ ഉൾപ്പെട്ടിരുന്നു. ചൂരൽമല പടവെട്ടിക്കുന്ന്മേഖലയിലും ദുരന്ത സാധ്യതയില്ലെന്നു കമ്മിറ്റി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് പ്രദേശവാസികൾ പ്രതിഷേധിച്ചത്.
പ്രശ്നപരിഹാരത്തിനു ജില്ലാകളക്ടർ സർവകക്ഷിയോഗം വിളിച്ചു. കളക്ടറേറ്റിലെ എപിജെ ഹാളിലാണ്യോഗം നടന്നത്. ഈയോഗത്തിലും ഡോ. ജോണ് മത്തായി കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന് ഭൂരിപക്ഷ അഭിപ്രായം ഉയർന്നു.
പുതിയ കമ്മിറ്റിയെ നിയോഗിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നു ഭൂരിഭാഗംപേരും ആവശ്യപ്പെട്ടു. ഇപ്പോൾ നടത്താൻ ഉദ്ദേശിച്ച സർവേ ദുരന്തബാധിതരെ ഏതെങ്കിലും തരത്തിൽ ഒഴിവാക്കാൻ ഉദ്ദേശിച്ച സർവേ അല്ലെന്ന് ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു.
സംസ്ഥാന സർക്കാരാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. അതിനാൽ തന്നെ സർവേ നടപടികളുമായി സഹകരിക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. വിഷയത്തിൽ വ്യക്തത വരുത്താതെ സർവേ നടപടികൾ നടത്താൻ അനുവദിക്കില്ലെന്ന് ഭൂരിഭാഗംപേരും നിലപാട് സ്വീകരിച്ചതോടെ സർവേ താത്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
സുരക്ഷിതമേഖലയാണെന്ന് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ ദുരന്തബാധിതരെ സർക്കാർ പുനരധിവസിപ്പിക്കാൻ സാധ്യതയില്ലെന്നു കണ്ടാണ് ആളുകൾ പ്രതിഷേധിച്ചത്. ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനകീയ സമിതി വിവിധ രാഷ്ട്രീയ പാർട്ടികൾ, പ്രദേശവാസികൾ, മേപ്പാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എന്നിവരാണ് യോഗം നിയന്ത്രിച്ചത്.