പാത്രിയര്‍ക്കീസ് ബാവ മടങ്ങി
Wednesday, December 11, 2024 1:22 AM IST
കൊച്ചി: സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് മാർ അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ മൂന്നു ദിവസത്തെ കേരളസന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ഇന്നലെ രാവിലെ 9.50ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബായ് വഴിയാണ് അദ്ദേഹം ലബനനിലേക്കു മടങ്ങിയത്.
ക്ലീമിസ് മാർ ഡാനിയേല്‍ മെത്രാപ്പോലീത്ത, ജോസഫ് മാർ ബാലി മെത്രാപ്പോലീത്ത എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ട്. സിറിയയിലെ സംഘർഷസാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന ജനത്തോടൊപ്പം ആയിരിക്കണമെന്ന ആഗ്രഹത്താലാണ് തുടര്‍ന്നുള്ള മഞ്ഞനിക്കര ദയറായിലെ പരിപാടികൾ റദ്ദാക്കി മടങ്ങുന്നതെന്ന് ബാവ പറഞ്ഞു.
ശ്രേഷ്ഠ കാതോലിക്ക ബാവയുടെ 40-ാം ഓര്മദിനാചരണത്തില് പങ്കെടുക്കാനെത്തിയ പാത്രിയര്‍ക്കീസ് ബാവ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ വിവിധ ശുശ്രൂഷകളിൽ പങ്കെടുത്തു.
ഇന്നലെ വിമാനത്താവളത്തിൽ ബാവയെ യാത്രയാക്കാൻ നിയുക്ത ശ്രേഷ്ഠ കാതോലിക്ക ജോസഫ് മാർ ഗ്രിഗോറിയോസ്, മാത്യൂസ് മാർ ഇവാനിയോസ് , കുര്യാക്കോസ് മാർ തെയോഫിലോസ്, മാത്യൂസ് മാർ അഫ്രേം, ഏലിയാസ് മാർ അത്താനാസിയോസ്, കുര്യാക്കോസ് മാർ ക്ലീമിസ് , ഐസക് മാർ ഒസ്താത്തിയോസ്, മാത്യൂസ് മാർ അന്തിമോസ്, കുര്യാക്കോസ് മാർ ദിയസ്കോറസ്, ഗീവർഗീസ് മാർ അത്താനാസിയോസ് എന്നീ മെത്രാപ്പോലീത്തമാരും ഉണ്ടായിരുന്നു.