ജെഇഇ റാങ്ക് ജേതാവിന്റെ ആൾമാറാട്ടം: വ്യാപക അന്വേഷണം
Saturday, October 31, 2020 12:06 AM IST
ഗോഹട്ടി: ജെഇഇ(മെയിൻസ്) പ്രവേശന പരീക്ഷയിൽ ആസാമിൽ ഒന്നാമതെത്തിയ വിദ്യാർഥി ആൾമാറാട്ടം നടത്തിയതായി കണ്ടെത്തിയ കേസിൽ സംസ്ഥാന പോലീസ് അന്വേഷണം വിപുലമാക്കി. ഗോഹട്ടിയിലെ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥനെയും പ്രമുഖ ഐടി കന്പനിയിലെ ഉദ്യോഗസ്ഥനെയും പിടികൂടാനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.
ഒന്നാം റാങ്ക് നേടിയ വിദ്യാർഥിയും അയാളുടെ പിതാവും അടക്കം അഞ്ചു പേർ അറസ്റ്റിലാണ്.
ആൾമാറാട്ടം വ്യാപകമായി നടക്കുന്നുണ്ടെന്നും വൻ ശൃംഖല ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് സംശയിക്കുന്നു. പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയി(എൻടിഎ)ൽനിന്ന് അന്വേഷണ സംഘം വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. പരീക്ഷയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും മനുഷ്യവിഭശേഷിക്കുമുള്ള പുറം കരാർ ഒരു ഐടി കന്പനിക്കാണ് എൻടിഎ നല്കിയത്.
99.8 ശതമാനം മാർക്കാണ് ആരോപണ വിധേയനായ വിദ്യാർഥിക്കു ലഭിച്ചത്. ഇയാളുടെ ഫോൺ സംഭാഷണം ബുധനാഴ്ച വൈറലായതോടെയാണ് തട്ടിപ്പു വെളിപ്പെട്ടത്. പകരം ആളെവച്ചാണ് പരീക്ഷ എഴുതിയതെന്ന് വിദ്യാർഥി സമ്മതിക്കുന്നുണ്ട്.