ചർച്ച പൊളിഞ്ഞു; പിന്നോട്ടില്ലെന്നു കർഷകർ
Friday, December 4, 2020 1:03 AM IST
ന്യൂഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്തു വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചു നിന്നതോടെ കേന്ദ്രം ഇന്നലെ വിളിച്ചു ചേർത്ത ചർച്ചയും പരാജയപ്പെട്ടു. താങ്ങുവിലയിൽ തങ്ങിനിന്നു തത്കാലം പ്രശ്നപരിഹാരം കണ്ടെത്താനുള്ള സർക്കാർ നീക്കം കർഷകർ തട്ടിക്കളഞ്ഞതോടെയാണു ചർച്ച വീണ്ടും പരാജയപ്പെട്ടത്. ഡിസംബർ അഞ്ചിന് വീണ്ടും ചർച്ച നടത്താൻ തീരുമാനമായി.
ഏഴര മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയിൽ കർഷകർ തങ്ങളുടെ നിലപാടുകളിൽനിന്ന് അണുവിട മാറാതെ നിന്നു. എന്നാൽ, സർക്കാരിന് ഒന്നിലും പിടിവാശിയില്ലെന്നു കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ചർച്ചയിൽ മിനിമം താങ്ങുവില ഉറപ്പുവരുത്തുന്നതിന് രാജ്യവ്യാപക നിയമം ഏർപ്പെടുത്തണമെന്നും മിനിമം താങ്ങുവിലയിൽ കുറഞ്ഞ് കാർഷിക ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. അതോടൊപ്പംതന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു.
നിയമം നിലവിൽവന്നു കഴിഞ്ഞുള്ള പരാതികൾക്കു സബ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ പോകാമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇതു കീഴ്ക്കോടതിയാണെന്നും മറ്റ് കോടതിയിൽ പോകാൻ കഴിയണമെന്നുമാണ് കർഷകരുടെ ആവശ്യം. ഇക്കാര്യം സർക്കാർ പരിഗണിക്കുമെന്നു കൃഷിമന്ത്രി പറഞ്ഞു.
പ്രശ്നപരിഹാരത്തിന് കേന്ദ്ര സർക്കാരിനു മുന്നിലുള്ള അവസാന അവസരമെന്നു വ്യക്തമാക്കിയാണ് കർഷകസംഘടനകൾ ഇന്നലെ ചർച്ചയ്ക്കെത്തിയത്. ചർച്ചയുടെ ഇടവേളയിൽ മന്ത്രിമാർ കർഷക പ്രതിനിധികളെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചെങ്കിലും അവർ പരസ്യമായി നിരസിച്ചത് കേന്ദ്രസർക്കാരിനേറ്റ പ്രഹരമായി. കർഷകർ നിലപാടിൽ ഉറച്ചു നിൽക്കുന്പോൾ താങ്ങുവിലയിൽ ഒരു മാറ്റവും ഇല്ലെന്നു ചൂണ്ടിക്കാട്ടി അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമം ആണ് ഇന്നലെയും പരാജയപ്പെട്ടത്. കേന്ദ്ര സർക്കാർ പാസാക്കിയ നിയമങ്ങൾ ഇഴകീറി പരിശോധിച്ചും പഠിച്ചും വ്യക്തമായ തയാറെടുപ്പുകളോടെയാണ് കർഷകർ ഇന്നലെയും ചർച്ചയ്ക്കെത്തിയത്.
കൃഷിമന്ത്രിയും ഭക്ഷ്യ, വാണിജ്യ മന്ത്രിമാരും അല്ലാതെ ആഭ്യന്തര, പ്രതിരോധ മന്ത്രിമാരെ ചർച്ചയിൽ നിന്നു മാറ്റി നിർത്തണമെന്നും കർഷകർ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രസർക്കാർ കർഷകരുമായി നടത്തുന്ന നാലാമത്തെ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. കർഷകപ്രക്ഷോഭം ഡൽഹിയിലേക്ക് നീങ്ങിയതിനു ശേഷമുള്ള രണ്ടാമത്തെ ചർച്ചയായിരുന്നു ഇന്നലത്തേത്. ഇതിനിടെ, കാർഷികപ്രക്ഷോഭം ഉൾപ്പെടെ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഉടൻ വിളിക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ഇന്നലെ സ്പീക്കർക്കു കത്തു നൽകി.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് നാൽപതോളം കർഷക സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തിയത്. കർഷകർ ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്ര കൃഷിമന്ത്രാലയ സെക്രട്ടറി സഞ്ജയ് അഗർവാൾ മറുപടി നൽകി. തങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ അഞ്ചു പ്രധാന ഇനങ്ങളായി തിരിച്ച് പത്തു പേജ് വരുന്ന അജൻഡയുമായാണ് കർഷക പ്രതിനിധികൾ സർക്കാരിനു മുന്നിലെത്തിയത്.
കർഷകർക്കുവേണ്ടി ഓൾ ഇന്ത്യ കിസാൻ സംയുക്ത സമിതി അംഗവും ആക്ടിവിസ്റ്റുമായ കവിത കരുഗാന്തിയാണു വിഷയങ്ങൾ ഉന്നയിച്ചത്. ചർച്ചയ്ക്കെത്തിയ കർഷക പ്രതിനിധികൾക്കിടയിലെ ഏക വനിതയും കവിതയായിരുന്നു.
സെബി മാത്യു