പാക് അതിർത്തിയിൽ വീണ്ടും രഹസ്യ തുരങ്കം കണ്ടെത്തി
Thursday, January 14, 2021 12:01 AM IST
ന്യൂഡൽഹി: ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും രഹസ്യ തുരങ്കം കണ്ടെത്തി. ഭീകരാക്രമണങ്ങൾക്കായി ഇന്ത്യയിലേക്കു തീവ്രവാദികളെ കടത്തിവിടുന്നതിനായി പാക് സൈന്യം നിർമിച്ചതാണു തുരങ്കമെന്ന് അതിർത്തി രക്ഷാസേന അറിയിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ മറ്റൊരു തുരങ്കം ഇന്ത്യ കണ്ടെത്തിയിരുന്നു. ജമ്മുവിലെ കഠുവ ജില്ലയിൽ പാക് അതിർത്തിയിലെ ഹിരണ്നഗർ സെക്ടറിലാണു ബുധനാഴ്ച 150 മീറ്റർ ദൈർഘ്യമുള്ള പുതിയ തുരങ്കം ബിഎസ്എഫ് 173-ാം ബറ്റാലിയനിലെ ജവാന്മാർ കണ്ടെത്തിയത്. മൂന്നടി വിസ്താരത്തിൽ 25-30 അടി താഴ്ചയിലൂടെയാണു തുരങ്കം നിർമിച്ചിരുന്നത്. അതിർത്തിയിൽ നിന്ന് 300 അടി അകലത്തിലാണു തുരങ്കമുഖം കണ്ടെത്തിയത്. ഇന്ത്യയുടെ അതിർത്തി വേലിയിൽ നിന്നു 65 അടി മാത്രം അകലെയാണിത്.
തീവ്രാവാദികളുടെ നുഴഞ്ഞുകയറ്റത്തിനായി വിദഗ്ധരായ എൻജിനീയർമാരുടെ സഹായത്തോടെയാണു തുരങ്കം നിർമിച്ചതെന്നു ബിഎസ്എഫ് ഐജി എൻ.എസ്. ജാംവൽ പറഞ്ഞു. തുരങ്കത്തിന്റെ ഇന്ത്യയിലെ മുഖപരിസരത്തു നിന്നു പാക്കിസ്ഥാനിൽ നിർമിച്ച മണൽ ചാക്കുകളും കണ്ടെത്തിയതായി ബിഎസ്എഫ് അറിയിച്ചു. ശൈത്യകാലത്തു പോലും ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനും കാഷ്മീർ താഴ്്വരയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുമുള്ള പാക്കിസ്ഥാന്റെ ശ്രമം തുടരുന്നതിന്റെ സൂചനയാണ് തുരങ്കമെന്നു ഡൽഹിയിൽ പ്രതിരോധ സേനയിലെ വിദഗ്ധരും വിലയിരുത്തി. ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനായുള്ള പ്രത്യേക നിർമാണ രീതിയാണു തുരങ്കത്തിന് ഉപയോഗിച്ചിരിക്കുന്നത്.
എന്നാൽ അടുത്ത ദിവസങ്ങളിൽ ഈ പാത ഉപയോഗിച്ചിട്ടില്ലെന്നാണു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. അതിർത്തിയിൽ തുടർച്ചയായി നടക്കുന്ന വെടിനിർത്തൽ ലംഘനങ്ങളും നവംബറിലും ഇന്നലെയും കണ്ടെത്തിയ രണ്ടു തുരങ്കങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് ഇന്ത്യയുടെ ഭീകരവിരുദ്ധ വിഭാഗം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സൈനികരുടെ ശ്രദ്ധതിരിച്ചുകൊണ്ട് തുരങ്കനിർമാണവും ഭീകരരുടെ നുഴഞ്ഞുകയറ്റവും സാധ്യമാക്കുന്നതിനാണു പലയിടത്തും പാക് സൈന്യം വെടിയുതിർക്കുന്നത്.
കഴിഞ്ഞ വർഷം മാത്രം ജമ്മു കാഷ്മീർ അതിർത്തിയിൽ 930 വെടിനിർത്തൽ ലംഘനങ്ങളാണു പാക് സൈന്യം നടത്തിയത്. 2019 നേക്കാൾ 54 ശതമാനം വർധനയുണ്ട്.
2020 ൽ ഇന്ത്യയിലേക്കയച്ച 174 ഭീകരരിൽ 52 പേർ ഇപ്പോഴും ജമ്മു കാഷ്മീരിൽ പതിയിരിപ്പുണ്ടെന്നാണ് റിപ്പോർട്ട്. വിവിധ ഓപ്പറേഷനുകളിലായി 76 ഭീകരരെ വധിച്ചിരുന്നു. അന്പതോളം പേർ അറസ്റ്റിലാവുകയോ, കീഴടങ്ങുകയോ ചെയ്തതായും ജമ്മു കാഷ്മീർ പോലീസ് വിശദീകരിച്ചു.
ജോർജ് കള്ളിവയലിൽ