വീണ്ടും ലോക്ക്ഡൗൺ! മഹാരാഷ്ട്രയിൽ തിരക്കിട്ട ചർച്ചകൾ
Sunday, April 11, 2021 12:53 AM IST
മുംബൈ: കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി പെരുകുന്ന സാഹചര്യത്തിൽ സന്പൂർണ ലോക്ക്ഡൗൺ പോലെയുള്ള കർശന നിയന്ത്രണങ്ങളെക്കുറിച്ച് മഹാരാഷ്ട്ര ഗൗരവമായി ആലോചിക്കുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച 59,000 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 33 ലക്ഷത്തോളം പേർ ചികിത്സയിലുമുണ്ട്.
ലോക്ക്ഡൗൺ നടപ്പാക്കണമെന്ന നിർദേശമാണ് സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നോട്ടുവച്ചത്. ഇപ്പോഴുള്ള രാത്രികാല കർഫ്യൂവും ഞായറാഴ്ചകളിലെ ലോക്ക്ഡൗണും ഗുണംചെയ്തില്ലെന്ന വിലയിരുത്തലിലാണു സർക്കാർ.
എന്നാൽ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം പൂർണമായും നിലപാടിനെ അനുകൂലിക്കുന്നില്ല. പ്രതിപക്ഷമായ ബിജെപിക്കും എതിർപ്പുണ്ട്. ഏതാനും ദിവസത്തേക്ക് ലോക്ക്ഡൗൺ അനിവാര്യമാണെന്നും അതിനുശേഷം ഇളവുകൾ നൽകാമെന്നുമാണു മറ്റൊരു നിർദേശം. ഇന്നു കോവിഡ് പ്രതിരോധ വിദഗ്ധരുമായി ചർച്ചചെയ്തശേഷം മുഖ്യമന്ത്രി അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്ന് ഉപമുഖ്യമന്ത്രി അശോക് ചവാൻ പറഞ്ഞു.