ജിതിൻ പ്രസാദ ബിജെപിയിൽ
Thursday, June 10, 2021 1:43 AM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു. ജ്യോതിരാദിത്യക്കു പിന്നാലെ കോണ്‍ഗ്രസ് വിട്ടു ബിജെപിയിൽ ചേക്കേറിയ ‘രാഹുൽ ബ്രിഗേഡി’ലെ പ്രമുഖനാണു നാൽപ്പത്തേഴുകാരനായ ജിതിൻ പ്രസാദ. കോണ്‍ഗ്രസിനു സജീവ നേതൃത്വവും സംഘടനാ തെരഞ്ഞെടുപ്പും ആവശ്യപ്പെട്ടു കത്തെഴുതിയ ജി-23 ഗ്രൂപ്പിലെ അംഗമായിരുന്ന ജിതിന് പശ്ചിമബംഗാൾ കോണ്‍ഗ്രസിന്റെ ചുമതലയായിരുന്നു.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൽനിന്നാണു ജിതിൻ ബിജെപി അംഗത്വം സ്വീകരിച്ചത്. തുടർന്നു ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയെ സന്ദർശിച്ചു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന യുപിയിലെ പ്രബല ബ്രാഹ്മണ നേതാവാണ്.
അഞ്ചു മാസം മുന്‍പു വരെ യുപിയിലെ ആദിത്യനാഥ് സർക്കാരിനെതിരേ രൂക്ഷ വിമർശനം നടത്തിയിരുന്നു. യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ജിതിൻ മത്സരിക്കുമെന്ന് അനുയായികൾ പറഞ്ഞു.
ബിജെപി മാത്രമാണു ശരിയായ രാഷ്ട്രീയ പാർട്ടിയും ഏക ദേശീയ പാർട്ടിയുമെന്നു കൂറുമാറ്റത്തിനു പിന്നാലെ ജിതിൻ പ്രസാദ പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും മാത്രമേ കഴിയൂ. പത്തു വർഷം മുന്‍പേ (അന്നു കേന്ദ്രമന്ത്രിയായിരുന്നു) ചിന്തിച്ചു തുടങ്ങിയതാണെന്നും ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒരു പാർട്ടിയിൽ നിന്നു ജനങ്ങളെ സേവിക്കാനും താത്പര്യങ്ങൾ സംരക്ഷിക്കാനും കഴിയുന്നില്ലെങ്കിൽ ആ പാർട്ടി വിടുകയാണ് ഉചിതമെന്നും ജിതിൻ പറഞ്ഞു.
ജോർജ് കള്ളിവയലിൽ