കോവിഡ്: കർശന ജാഗ്രത വേണമെന്നു കേന്ദ്രം
Friday, September 17, 2021 1:54 AM IST
ന്യൂഡൽഹി: ഉത്സവകാലം കണക്കിലെടുത്ത് രാജ്യത്ത് കോവിഡ് പ്രതിരോധത്തിൽ കർശന ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ. അനാവശ്യമായ യാത്രകൾ ഒഴിവാക്കി ആഘോഷങ്ങളിൽ ഉത്തരവാദിത്വ ബോധത്തോടെ പങ്കെടുക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.
രാജ്യത്തെ 18 വയസിനു മുകളിലുള്ള 62 ശതമാനത്തോളം ആളുകൾ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 20 ശതമാനം ആളുകൾ രണ്ടു ഡോസും സ്വീകരിച്ചുകഴിഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന കേരളത്തിന്റെയും അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്.
രോഗവ്യാപനത്തിന്റെ കാര്യത്തിൽ രാജ്യത്താകെ സന്തുലിതാവസ്ഥ നിലനിൽക്കുന്നതായും നീതി ആയോഗ് അംഗവും ആരോഗ്യ വിദഗ്ധസമിതി അധ്യക്ഷനുമായ ഡോ. വി.കെ. പോൾ പറഞ്ഞു. ഒക്ടോബർ, നവംബർ മാസങ്ങൾ ഉത്സവകാലമാണ്. പനി, ജലദോഷം മുതലായ അസുഖങ്ങളും ഈ സമയത്ത് ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്.