സഖ്യം തകർച്ചയിലേക്ക്; കോൺഗ്രസിനെ പരിഹസിച്ച് ലാലു പ്രസാദ്
Monday, October 25, 2021 12:52 AM IST
ന്യൂഡൽഹി: കോൺഗ്രസുമായുള്ള സഖ്യംകൊണ്ട് യാതൊരു ഫലവുമില്ലെന്ന നിലപാടിൽ ബിഹാറിലെ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിലൊന്ന് കോൺഗ്രസിനു നീക്കിവച്ചാൽ കെട്ടിവച്ച കാശ് നഷ്ടമാകുമെന്നു പരിഹസിക്കുകയാണു ലാലു.
ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സീറ്റ് നിഷേധിച്ചതോടെ സഖ്യവും അവസാനിപ്പിക്കുകയാണെന്ന സൂചന ഇതുവഴി നൽകി. തോൽക്കാനായി കോൺഗ്രസിന് എന്തിനാണ് സീറ്റ് നൽകുന്നതെന്നും ലാലു ചോദിച്ചു. കെട്ടിവച്ച കാശ് നഷ്ടമാകാൻ മാത്രമേ അത് ഉപകരിക്കൂ എന്ന കുത്തുവാക്കും പിന്നാലെയുണ്ടായി.
ബിഹാറിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഭക്തചരൺ ദാസ് ആർജെഡിയെ ലക്ഷ്യംവയ്ക്കുകയാണെന്നും ലാലു ആരോപിച്ചു.
ആർജെഡിയുമായി സഖ്യംതുടരില്ലെന്ന് ഭക്ത ചരൺ ദാസ് അടുത്തിടെ പറഞ്ഞിരുന്നു. 2020 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച കുശേശ്വർ അസ്താൻ മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്താനുള്ള ആർജെഡിയുടെ തീരുമാനമാണ് ദാസിനെ ചൊടിപ്പിച്ചത്.
അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തെത്തുടർന്ന് സഖ്യം തുടരണമോയെന്നതിൽ ആർജെഡി സംശയം പ്രകടിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിന് അർഹതപ്പെട്ടതിലും കൂടുതൽ സീറ്റുകൾ നൽകിയെന്നാണ് ആർജെഡിയിലെ പൊതുവികാരം.